കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എഎസ്ഐ അറസ്റ്റിൽ. തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽവച്ചു നാസർ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണു പരാതി. കഴിഞ്ഞ മാസം 28നാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസർ ലിഫ്റ്റിൽ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
ആക്രമണത്തെ ചെറുക്കാൻ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമർത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി സിവിൽ സർവീസ് പരിശീലനത്തിനു പോയില്ല. ഇതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമായതോടെ എറണാകുളം സെൻട്രൽ പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. എന്നാൽ നാസർ ഒളിവിൽപോയി. ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പെണ്‍കുട്ടിയെയും ബന്ധുക്കളെയും ഇയാൾ രണ്ട് തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.