മാന്നാര്‍: പ്രേമാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി.കോയിപ്രം തട്ടേക്കാട് കുഴിയുഴത്തില്‍ ശശിധരന്റെ മകന് അശ്വിനാ(18)ണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടുകാരുമായി പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പരുമല പാലത്തില്‍ വച്ച് കടന്ന് പിടിക്കുകയും സിറിഞ്ച് ഉപയോഗിച്ച് കൈയില്‍ കുത്തുകയുമായിരുന്നു. സിറിഞ്ചില്‍ ഏതോ ദ്രാവകം ഉണ്ടായിരുന്നതായി വിദ്യാര്‍ഥിനി പോലീസിനോട് പറഞ്ഞു.
കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ആളുകള്‍ ഓടികൂടിയപ്പോഴേക്കും പ്രതി കടന്ന് കളഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി സുഖം പ്രാപിച്ച് വരുന്നു. തുടര്‍ച്ചയായ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അപായപ്പെടുത്തുവാന്‍ വേണ്ടിയാണ് സിറിഞ്ചില്‍ വിഷം നിറച്ച് എത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
പുളിക്കീഴ് സിഐ രാജപ്പന് റാവുത്തരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.