മഞ്ചേരി: മലപ്പുറത്തിനടുത്ത ആനക്കയം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ യുവതിയടക്കം രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. നക്സൽ ബാധിത പ്രദേശം കൂടിയാണെന്നതിനാൽ തന്ത്രപരമായ നീക്കത്തിലൂടെ അന്വേഷണ സംഘം രണ്ടു പ്രതികളെ വലയിലാക്കിയത്.
ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമാതർ സ്വദേശികളായ ആശാദേവി (45), ബദ്രി മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടത്. എടിഎം കാർഡ് ബ്ലോക്കായിട്ടുണ്ടെന്നും വെരിഫിക്കേഷൻ ആവശ്യമാണെന്നും പറഞ്ഞു എടിഎം കാർഡ് നന്പരും വണ് ടൈം പാസ്വേഡും ആവശ്യപ്പെടുകയായിരുന്നു.
ഇതു നൽകി അധികം വൈകാതെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നു ഒന്പതു തവണകളിലായി ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. 2017 നവംബർ മാസമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി സിഐ എൻ.ബി ഷൈജു, എസ്.ഐ റിയാസ് ചാക്കീരി, സിവിൽ പോലീസ് ഓഫീസർമാരായ എൻ.എം അബ്ദുള്ള ബാബു, എസ്.എ മുഹമ്മദ് ഷാക്കിർ, കെ.വി ഉണ്ണികൃഷ്ണൻ, പി. മുഹമ്മദ് സലീം, കെ. ജിജി, പി. നിഖില എന്നിവരടങ്ങുന്ന സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.
ജാർഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം കഴിഞ്ഞ ജനുവരി മാസം പോലീസ് സംഘം ജാർഖണ്ഡിലെത്തിയിരുന്നു. എന്നാൽ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. നക്സൽ ബാധിത പ്രദേശം കൂടിയാണെന്നതിനാൽ അന്വേഷണം ദുഷ്ക്കരമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദേവ്ഗഡ് ജില്ലയിലെ സാറത്ത് എന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം ആക്രമിക്കാൻ തുനിഞ്ഞതിനാൽ മുന്നോട്ടുള്ള നീക്കം തടസപ്പെട്ടു. ഒരാഴ്ചയോളം പോലീസ് സ്ഥലത്ത് തങ്ങിയെങ്കിലും പ്രതികൾ ഒളിവിൽ തുടർന്നതിനാൽ പിടികൂടാനാവാതെ മടങ്ങുകയായിരുന്നു. പിന്നീട് കഴിഞ്ഞ 24ാം തിയതി വീണ്ടും ജാർഖണ്ഡിലെത്തിയ അന്വേഷണ സംഘം അതീവ രഹസ്യമായി നിരീക്ഷണം നടത്തി.
പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ പ്രതികൾ കടന്നു കളയാൻ ശ്രമിച്ചെങ്കിലും സായുധ സേനയുൾപ്പെടുന്ന ലോക്കൽ പോലീസ് സഹായത്തോടെ ഗ്രാമം ഒന്നടങ്കം റെയ്ഡ് ചെയ്തതിൽ ആശാ ദേവി പിടിയിലാകുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് സംഘത്തിലെ അംഗമായ ബദ്രി മണ്ഡലിനെ സംബന്ധിച്ച് സൂചനകൾ ലഭിച്ചത്.
എന്നാൽ ഇയാളെ സമാനമായ കേസിൽ ജാർഖണ്ഡ് പോലീസിനു ആവശ്യമുള്ളതിനാൽ ജാർഖണ്ഡ് ജയിലിൽ റിമാൻഡ് ചെയ്തു. ബദ്രി മണ്ഡലിനെ വൈകാതെ കേരളത്തിലേക്കു എത്തിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവർക്കു പുറമെ ദീപക് മണ്ഡൽ, മഹേഷ് മണ്ഡൽ, സപ്നാ ദേവി എന്നിവരും കേസിൽ പ്രതികളാണ്. ഒളിവിൽ കഴിയുന്ന ഇവരും വൈകാതെ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.