ചെന്നൈ: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആൾദൈവം ശിവശങ്കർ ബാബ ന്യൂഡൽഹിയിൽ പിടിയിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘമാണ് സുശീൽ ഹരി ഇന്റർനാഷണൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്.
ആശ്രമത്തോട് ചേർന്ന് കിടക്കുന്ന സ്കൂളിലെ വിദ്യാർഥിനികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതാണ് ഇയാൾക്കെതിരേയുള്ള കേസ്. വിദ്യാർഥിനികളെ മുറികളിലേക്ക് വിളിച്ചുവരുത്തി നഗ്നനൃത്തം ചെയ്യിക്കുക, കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുക, അശ്ലീലദൃശ്യങ്ങൾ കാണിക്കുക, ലൈഗിംക ദുരുദ്ദേശത്തോടെ സംസാരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നത്.
പോക്സോ കേസാണ് ബാബയ്ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ പരാതിയിൽ മൂന്നു കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.അന്വേഷണം സിബിസിഐഡിക്കു കൈമാറിയതോടെ ശിവശങ്കർ ബാബ ചെന്നൈയിൽ നിന്ന് മുങ്ങുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് സിബിസിഐഡി സംഘം അങ്ങോട്ടേക്ക് തിരിച്ചു.
എന്നാൽ സംഘം എത്തുന്നതിനു മുന്പേ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ബാബയെ ഇന്നലെ ഗാസിയാബാദിൽ പിടികൂടുകയായിരുന്നു. വാണിയന്പാടി സ്വദേശിയായ ശിവശങ്കർ 1980കളിലാണ് ശിവശങ്കർ ബാബയെന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്.