കൊട്ടാരക്കര: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ഉമ്മന്നൂർ പോറ്റിമുക്ക് വൽസല വിലാസത്തിൽ സുരേഷ്ബാബു(ഉറുമ്പ് ബാബു-48), സുഹൃത്ത് അണ്ടൂർ കൈതളാവിൽ മുരളീവിലാസത്തിൽ അഭിലാഷ്(31) എന്നിവരാണ് പിടിയിലായത്. വാളകം ലക്ഷ്മിഭവനിൽ രാജീവ്(40)നെയാണ് കത്രിക ഉപയോഗിച്ച് മാരകമായി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
മദ്യപാനത്തിനിടെ ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് കുത്തിയത്. ബുദ്ധിവളർച്ചയില്ലാത്ത കുട്ടിയെ കൊലപ്പെടുത്തിയെന്നതുൾപ്പടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സുരേഷ് ബാബു. കഴിഞ്ഞ 30ന് രാത്രി ഏഴോടെ ഉമ്മന്നൂർ തുഞ്ചത്ത് മുക്കിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപാനത്തിനിടയിൽ രാജീവ് സുരേഷ് ബാബുവിനെ ഇരട്ടപ്പേരു വിളിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്.
തന്നെ ഇരട്ടപ്പേരു വിളിച്ചതിൽ പ്രകോപിതനായ സുരേഷ് ബാബു സമീപമുള്ള ബാർബർഷോപ്പിലെ കത്രിക ഉപയോഗിച്ച് നിരവധി തവണ രാജീവിനെ കുത്തി. ഏഴ് കുത്തേറ്റ രാജീവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അഭിലാഷുമായി ബൈക്കിൽ സ്ഥലത്തു നിന്നും കടന്ന ഇവർ ആയൂരിൽ ബാറിൽ മദ്യപിക്കുകയും ശേഷം രണ്ടായി പിരിയുകയുമായിരുന്നു.
ഉമ്മന്നൂരിൽ മടങ്ങിയെത്തിയ അഭിലാഷിനെ പോലീസ് കൈയോടെ പിടികൂടി. കടയ്ക്കലുള്ള കാമുകിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് ബാബുവിനെ കണ്ടെത്തിയെങ്കിലും പോലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നു. കട്ടപ്പനയ്ക്കുള്ള യാത്രയ്ക്കിടിയിൽ ആയൂരിൽ നിന്നും പോലീസ് പിടികൂടിയത്.