‘കടുത്തുരുത്തി: മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു.
പതിനഞ്ച് വർഷത്തോളമായി ആയാംകുടിയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായ എം.ബൈജു (35) വിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം കണ്ണൂരിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എറണാകുളത്തു നിന്നുമാണ് പോലീസ് സംഘം പിടികൂടിയത്. ആയാംകുടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കപിക്കാട് കളത്തുപറന്പ് കെ.എസ്. ബിനു (46) വിനാണ് കുത്തേറ്റത്. വയറ്റിൽ കുത്തേറ്റ ബിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ബിനുവിന്റെ വയറ്റിൽ 22 തുന്നിക്കെട്ടലുകൾ വേണ്ടി വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബിനുവും ബൈജുവും ഒന്നിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് വീട്ടിൽ പോയ ബൈജു കത്തിയുമായി തിരികെ എത്തി ബിനുവിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുത്തേറ്റ ബിനുവിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ ബൈജു നാട് വിടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈജു എറണാകുളത്തുണ്ടെന്ന് കണ്ടെത്തിയത്.
ഡിവൈഎസ്പി സനിൽകുമാറിന്റെ നിർദേശമനുസരിച്ചു എസ്ഐ ടി.എസ്. റെനീഷ്, എസ്ഐമാരായ സജി, വിജയപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, സിവിൽ പൊലീസ് ഓഫിസർ കെ.പ്രവീണ്കുമാർ എന്നിവർ ഉൾപെടുന്ന പോലീസ് സംഘമാണ് സിഐക്കൊപ്പം പ്രതിയെ പിടികൂടിയത്.