വടക്കഞ്ചേരി: ബാങ്കിലെ അപ്രൈസറുടെ (സ്വർണം പരിശോധിക്കുന്നയാൾ) സഹായത്തോടെ ഒന്നരകിലോയോളം മുക്കുപണ്ടം പണയപ്പെടുത്തി ആറംഗസംഘം ബാങ്കിൽനിന്നും കാൽകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിലായ രണ്ടുപേരുടെ പിന്നാലെ പോലീസ്. സ്ത്രീയുൾപ്പടെ രണ്ടുപേരാണ് ഒളിവിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നാലുപേരെ തുടരന്വേഷണത്തിന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.
2015 ഫെബ്രുവരി ആറുമുതൽ 2017 മാർച്ച് 30 വരെ വിവിധ തീയതികളിലായി വടക്കഞ്ചേരി ബസ് സ്റ്റാൻഡിനുസമീപം ഇന്ത്യൻ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജരുടെ പരാതിയിയെ തുടർന്നാണ് നാലുപേരെ വടക്കഞ്ചേരി എസ്ഐ വിപിൻ കെ.വേണുഗോപാൽ, സീനിയർ പോലീസ് ഓഫീസർ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
ബാങ്കിലെ അപ്രൈസർ ആയക്കാട് പുത്തൻവീട്ടിൽ രഘുനാഥൻ (51), കണ്ണന്പ്ര മന്ദത്തുവീട്ടിൽ പദ്മനാഭൻ (49), ആയക്കാട് പുത്തൻവീട്ടിൽ സജീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആയക്കാട്ടെ ഒരു ഓട്ടോഡ്രൈവറും പോലീസ് കസ്റ്റഡിയിലുണ്ട്.എളവന്പാടം തച്ചക്കോട് സുധാകരൻ, അറസ്റ്റിലായ സജീഷിന്റെ ഭാര്യ ആയക്കാട് സ്വദേശിനി അനിത എന്നിവരാണ് മറ്റു രണ്ടു പ്രതികൾ. ഇവർ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.
25 മാസത്തിനുള്ളിൽ പല തീയതികളിലായി 1344.5 ഗ്രാം മുക്കുപണ്ടമാണ് ഇവർ അപ്രൈസർ രഘുനാഥന്റെ സഹായത്തോടെ പണയപ്പെടുത്തി 24,50,000 രൂപ തട്ടിയെടുത്തത്. മുക്കുപണ്ടങ്ങളാണെന്ന് അറിഞ്ഞിട്ടും അതു സ്വർണമാണെന്നു കാണിച്ചായിരുന്നു രഘുനാഥൻ ഈ തട്ടിപ്പുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. അയൽവാസികളെയും സുഹൃത്തുക്കളെയുമാണ് തട്ടിപ്പിന് രഘുനാഥൻ കൂട്ടാളികളാ ക്കിയത്.
കേസിൽ അറസ്റ്റിലാകാനുള്ള ഏക സ്ത്രീയായ അനിതയാണ് എറ്റവും കൂടുതൽ മുക്കുപണ്ടം പണയപ്പെടുത്തി 8,36,000 രൂപ വാങ്ങിയത്. 462 ഗ്രാം മുക്കുപണ്ടം അനിത ബാങ്കിൽ പണയപ്പെടുത്തിയിട്ടു ണ്ട്. അറസ്റ്റിലാകാനുള്ള മറ്റൊരു പ്രതി സുധാകരൻ 345.2 ഗ്രാം, പദ്മനാഭൻ 400 ഗ്രാം, ആയക്കാട്ടെ ഓട്ടോഡ്രൈവർ 101.3 ഗ്രാം, സജീഷ് 34.7 ഗ്രാം എന്നിങ്ങനെയാണ് മറ്റുള്ളവർ പണയപ്പെടുത്തിയ മുക്കുപണ്ടങ്ങൾ.
യഥാർഥ സ്വർണമാണെന്നു ബാങ്കിനെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു അപ്രൈസറുടെ നേതൃത്വത്തിൽ ഈ തട്ടിപ്പുകളെല്ലാം നടന്നത്. സംഭവത്തെതുടർന്ന് അപ്രൈസറെ ബാങ്കിൽനിന്നും സസ്പെൻഡ് ചെയ്തു. മുക്കുപണ്ടം പണയപ്പെടുത്തി പണം വാങ്ങുന്പോൾ പകുതിപണം അപ്രൈസറായ രഘുനാഥന് കൈപ്പറ്റി യിരുന്നു. ബാങ്കിന്റെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ബാങ്ക് ലോക്കറിലെ ആഭരണങ്ങളെല്ലാം മുക്കുപണ്ടമാണെന്ന് മനസിലാക്കിയത്.
ഇന്റലിജൻ്സ് വിഭാഗം റിപ്പോർട്ട് നല്കിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. കഴിഞ്ഞ 30ന് ബാങ്ക് മാനേജർ പരാതി നല്കി 24 മണിക്കൂറിനുള്ളിൽതന്നെ പ്രതികളും വലയിലാകുകയായിരുന്നു. അറസ്റ്റിലായ രഘുനാഥനുപുറമെ പദ്മനാഭനും സ്വർണപ്പണിക്കാരനാണ്. സജീഷിനു വയറിംഗ് പണിയാണെന്നും പോലീസ് പറഞ്ഞു.