പാലാ: താമസസ്ഥലത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചുറ്റികയ്ക്ക് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഒഡിഷ സ്വദേശി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
ഒഡീഷ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ അഭയ് (48) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കടപ്പാട്ടൂരിലെ സ്വകാര്യ കെട്ടിടത്തിലെ താമസ കേന്ദ്രത്തിലായിരുന്നു സംഭവം.
അടിയേറ്റ് കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭയ് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പ്രദീപ് ബർമനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവശേഷം കോട്ടയം വഴി എറണാകുളത്തെത്തി ട്രെയിനില്‍ നാട്ടിലേയ്ക്ക് കടക്കുന്നതിനിടെ കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ പ്രതിയെ റെയില്‍വേ പോലീസിന്റെ സഹായത്തോടെയാണ് പാലാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട അഭയ് തൊഴില്‍ തേടിയെത്തി 24 വര്‍ഷമായി കേരളത്തിലാണ് താമസം. പാലായില്‍ ജോലിക്കെത്തിയ ഇയാള്‍ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ മലയാളി യുവതിയെ വിവാഹം ചെയ്ത് മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ നെല്ലിത്താനത്തുമലയിലാണ് സ്ഥിരതാമസം.
ഇയാളുടെ ഭാര്യ വിദേശത്താണ്. മക്കള്‍ ഹൈദരാബാദില്‍ പഠിക്കുന്നു. ജോലി ചെയ്യുന്നതിനൊപ്പം ചെറുകിട കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവന്ന അഭയ് കടപ്പാട്ടൂരില്‍ വാടക കെട്ടിടത്തില്‍ താമസിച്ചുവന്ന അതിഥി തൊഴിലാളികളായ സുഹൃത്തുക്കളെ കാണാന്‍ എത്തിയതായിരുന്നു.
പ്രതി പ്രദീപ് ബർമന് അഭയിനൊപ്പം ഇടയ്ക്ക് ജോലിക്ക് പോയിരുന്നു. ഈ ബന്ധത്തില്‍ താമസസ്ഥലത്ത് ഒത്ത് ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഇരുവരുമായി വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി.
തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന അഭയിനെ പ്രതി ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം കടന്നു കളയുകയായിരുന്നു.