പാലക്കാട്: കഴിഞ്ഞ മാസം 15ന് ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ് നോർത്ത് ഇൻസ്പെക്ടർ ഇ. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്, തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് ( 37), തഞ്ചാവൂർ , പട്ടുകോട്ടൈ, മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് നാലു വയസുകാരി ബാലികയെ തട്ടിക്കൊണ്ടുവന്ന് പാലക്കാട് എത്തിയത്. പിന്നീട് ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി. ഇവർ താണാവ് മേൽപ്പാലത്തിനടിയിലാണ് താമസിച്ചിരുന്നത്.
ജനുവരി 12ന് രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേർന്ന് തൂക്കിയെടുത്ത് എഇകെ ഗോഡൗണിലേക്കുള്ള റെയിൽവേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയായിരുന്നു. ഇതിനിടെ ശ്വാസം മുട്ടി കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിനുശേഷം മരണം ഉറപ്പിക്കാൻ അഴിച്ചെടുത്ത ബാലികയുടെ പാന്റുകൊണ്ട് കഴുത്തിൽ മുറുക്കുകയായിരുന്നു.
ശബ്ദം കേട്ട് ഉണർന്ന മറ്റുള്ളവരും ചേർന്ന് മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനരുകിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങി. മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയിൽപ്പെട്ടത്. പ്രതികൾക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ട് പോകൽ, ബലാൽസംഘം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.സുരേഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമക്കേസിൽ തിരുപ്പൂർ പോലീസ് അറസ്റ്റു ചെയ്ത് മൂന്നു മാസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയതായിരുന്നു.