മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ.കെ.ടി റബീഉള്ളയുടെ വസതിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ഏഴു പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി. മൈനോറിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കൾ, അസ്്ലം ഗുരുക്കളുടെ ഗണ്മാൻ കേശവമൂർത്തി, രമേശ്, സുനിൽകുമാർ, റിയാസ്, അർഷാദ്, ഉസ്്മാൻ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായവർ ബാംഗ്ളൂർ, മംഗലാപുരം, കാസർഗോഡ് സ്വദേശികളാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടിൽ വിശ്രമത്തിലുള്ള ഡോ.റബീഉള്ളയെ കാണാൻ എത്തിയവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ ആറുമണിയോടെ മൂന്നു വാഹനങ്ങളിലായാണ് സംഘം ഈസ്റ്റ് കോഡൂരിലെത്തിയത്. റബീഉള്ളയെ കാണമെന്നു ആവശ്യപ്പെട്ട ഇവരോടു ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ, അദ്ദേഹം വിശ്രമത്തിലാണെന്നും ഇപ്പോൾ കാണാനാകില്ലെന്നും പറഞ്ഞതോടെ സംഘത്തിലുള്ളവർ വീടിന്റെ മതിൽ ചാടി അകത്തു കടക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ സെക്യൂരിറ്റിക്കാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും അക്രമികളെ വളഞ്ഞിട്ടു പിടികൂടുകയുമായിരുന്നു. സംഘമെത്തിയ രണ്ടു വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകർത്തു. ഇതിനിടെ നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന ഡോ.റബീഉള്ള എവിടെയാണെന്നതിനെ കുറിച്ച് ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. അദ്ദേഹം വിദേശരാജ്യത്ത് ചികിൽസയിലാണെന്നും ഗൾഫിൽ വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ അഭ്യൂഹങ്ങളെ തള്ളി അദ്ദേഹം ഞായറാഴ്ച ഫേസ്ബുക്കിൽ സ്വന്തം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ വിശ്രമത്തിലാണെന്നും ഒൗദ്യോഗിക കാര്യങ്ങളിൽ നിന്ന് കുറച്ച് ദിവസത്തേക്ക് വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അക്രമികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം അക്രമത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. റബീഉള്ളയുടെ കുടുംബാംഗങ്ങളിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതികളെ ഇന്നു മലപ്പുറം കോടതിയിൽ ഹാജരാക്കും.