മുർഷിദാബാദ്: മുസ്ലിം വേഷം ധരിച്ച് ട്രെയിൻ എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ബംഗാളിലെ മുർഷിദാബാദിലാണ് ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിനിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
സിൽദഹിനും-ലാൽഗോലയ്ക്കും ഇടയിൽ ഓടുന്ന ട്രെയിൻ എഞ്ചിന് നേർക്ക് സിൽദാഹിൽ വച്ചാണ് അഭിഷേക് സർക്കാറും അഞ്ച് കൂട്ടാളികളും കല്ലെറിഞ്ഞത്. ബിജെപി പ്രവർത്തകർ മുസ്ലിം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്റെ മുകളിൽ ചാർത്താൻ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടി ട്രെയിനിൽ കല്ലെറിയുന്ന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവർ പോലീസിന് നൽകിയ വിശദീകരണം. എന്നാൽ ഇത്തരത്തിൽ ഒരു യൂട്യൂബ് ചാനൽ നിലവിലില്ല എന്നാണ് പോലീസ് പറയുന്നത്.
മുർഷിദാബാദിലെ രാധാമധാബട്വ സ്വദേശിയായ അഭിഷേക് സർക്കാർ പ്രാദേശിക ബിജെപി പ്രവർത്തകനാണെന്ന് നാട്ടുകർ പറയുന്നത്. അഭിഷേകും മറ്റ് സംഘാഗങ്ങളും റെയിൽവേ ലൈന് സമീപം മുസ്ലിം വേഷം ധരിച്ച് നിൽക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ പോലീസിൽ ഏൽപ്പിച്ചത്. സ്ഥലത്ത് നിന്നും ഏഴോളം ആളുകൾ ഓടി രക്ഷപെട്ടതായും അവർ വ്യക്തമാക്കി.
എന്നാൽ പിടിയിലായവർക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ല പ്രസിഡന്റ് ഗൗരി സർക്കാർ ഘോഷ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞ സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.