നാദാപുരം: കല്ലാച്ചിക്കടുത്ത പുറയനാട്ട് സ്കൂൾ പരിസരത്ത് ബിജെപി നാദാപുരം മണ്ഡലം സെക്രട്ടറി കുറുക്കണ്ടി താഴെ കുനി കെ.കെ. രഞ്ജിത്തിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ വീട്ട് മുറ്റത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ ഉടമയെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
നരിപ്പറ്റ സ്വദേശിയായ യുവാവിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. ബോംബേറ് നടന്നയുടൻ രഞ്ജിത്തിന്റെ വീടിന് മുറ്റത്ത് നിന്നാണ് നോക്കിയ ഫോൺ ലഭിച്ചത്. സ്ഥലത്തുണ്ടായിരുന്ന പോലീസിന് ഫോൺ കൈമാറുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നരിപ്പറ്റ ഗവ: ഐടിഐക്ക് സമീപത്തെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ ഉടമസ്ഥതയിലുള്ള സിം ആണ് ഫോണിലുള്ളതെന്നും ,എന്നാൽ ഫോൺ ഉപയോഗിക്കുന്നത് ഇയാളുടെ ബന്ധുവാണെന്നും ഇയാളെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ബൈക്കിൽ എത്തി ബോംബെറിഞ്ഞ് രക്ഷപെടുന്നതിനിടയിൽ ഫോൺ വീണ് പോവുകയായിരുന്നു. ബോംബേറിൽ രഞജിത്തിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചുമരിന് വിള്ളലുണ്ടാവുകയും ചെയ്തു. ബോംബിന്റെ ചീളുകൾ തെറിച്ച് അയൽവാസിയ കെ.ടി.കെ. വാസുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു.