കോട്ടയം: പാലായിൽനിന്ന് എക്സൈസ് പൊക്കിയതു സമാന്തര ബിവറേജസ് നടത്തിയ ആളെ.പാലാ നീലൂർ സ്വദേശി ബോസി വെട്ടുകാട്ടിലിനെ(47)യാണ് എക്സൈസ് പിടികൂടിയത്.
പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള ബിവറേജസ് ഷോപ്പുകളിൽ വലിയ തോതിലുള്ള ക്യൂ ഉണ്ടായാൽ മദ്യപാനികളുടെ രക്ഷകനായി ബോസി അവതരി ക്കും.
ആവശ്യക്കാർക്ക് ബിവറേജസിലെ ക്യൂവിൽ നിന്നു ബുദ്ധിമുട്ടാതെ കുപ്പി ബോസിയുടെ കൈയിൽ നിന്നും വാങ്ങാം.പാലായിൽ വിവിധ ബിവറേജസിനു സമീപത്ത് ബോസി നാളുകളായി മദ്യക്കച്ചവടം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് എക്സൈസിനു ബിവറേജസിനു സമീപം ഒരാൾ മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്. ഇതോടെ നിരീക്ഷണം ആരംഭിച്ചു.
പാലായ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ബിവറേജസ് ഒൗട്ട്ലെറ്റുകൾക്കു മുന്നിൽ എക്സൈസ് സംഘാംഗങ്ങൾ ദിവസങ്ങളായി നിരീക്ഷണം നടത്തിവരികയായിരുന്നു.
ഇന്നലെ പാലാ-കട്ടക്കയം റോഡിലുള്ള ബിവറേജസ് ഷോപ്പിനു മുന്നിൽ വൻ തിരക്കുണ്ടായതോടെ ബോസി കുപ്പിയുമായി അവിടയെത്തി. ഈ സമയം എക്സൈസ് അധികൃതർ മഫ്തിയിൽ ക്യൂവിൽ നില്ക്കാതെ മദ്യം വാങ്ങുന്നതിനായി സ്ഥലത്തുണ്ടായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെ ഇവരുടെ അടുത്തെത്തി 100 രൂപ അധികം നല്കിയാൽ മദ്യം നല്കാമെന്ന് അറിയിച്ചു.ഇതോടെ എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം വാങ്ങുകയും മറ്റു ഉദ്യോഗസ്ഥരെത്തി ബോസിയെ പിടികൂടുകയും ചെയ്തു.
ബോസിന്റെ പക്കലുണ്ടായിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലുമായിരുന്ന 4.25 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു.
പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജും സംഘവും ചേർന്നാണ് ബോസിനെ പിടികൂടിയത്.