ഗുരുഗ്രാം: സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണു സംഭവം.
ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു എന്ന നിഷയും (34) വിക്കിയും (28) കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 15 വയസുള്ള കുട്ടിയുടെ അമ്മയായ യുവതി ഭർത്താവുമായി പിരിഞ്ഞതിനു ശേഷമാണു വിക്കിയുമായി അടുത്തത്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് കാച്ചികോളനിയിലെ വീട്ടിൽ വിക്കിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ ദുരൂഹത ആരോപിച്ച് വിക്കിയുടെ സഹോദരൻ പോലീസിൽ പരാതിപ്പെട്ടിരുന്നു.
തുടർന്നു നടന്ന അന്വേഷണത്തിൽ യുവതി പിടിയിലാകുകയായിരുന്നു. ഇവരുടെ സഹോദരൻ ഒളിവിലാണ്. മദ്യപാനത്തിനിടയിലുണ്ടായ വഴക്കിനെത്തുടർന്ന് പാൻ ഉപയോഗിച്ച് വിക്കിയെ മർദിച്ചു കൊന്നുവെന്നു യുവതി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.