നെടുമങ്ങാട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തെളിയിക്കപ്പെടാതെ കിടന്ന മുപ്പതോളം കേസുകളിലെ പ്രതികളായ വെള്ളനാട് വെമ്പന്നൂർ അയണിക്കോണം കട്ടക്കാൽ വീട്ടിൽ മോനി എന്ന മോനിച്ചൻ (34 ), അനിൽകുമാർ (33 ) എന്നിവരെ നെടുമങ്ങാട് പോലീസ് പിടികൂടി. മുപ്പതോളം കേസുകളിലായി പ്രതികൾ 90 പവൻ സ്വർണവും, ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും പണവും കവർന്നത് തെളിഞ്ഞതായി നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വഴയില പുരവൂർക്കോണത്തുള്ള റിട്ട. മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും 17 പവൻ സ്വർണം, ഉള്ളൂർ ഗാർഡൻസിലെ ഡോ. ബിജുവിന്റെ വീട് പൊളിച്ചു ഏഴ് പവൻ സ്വർണവും ആറായിരം രൂപയും , നന്തൻകോട് നന്ദൻനഗറിലെ വീട്ടിൽ നിന്നും വിലകൂടിയ ക്യാമറ, വാച്ചുകൾ, ആറന്മുള കണ്ണാടി, നന്ദാവനം എആർ ക്യാന്പിനു പിറകുവശത്തുള്ള അനൂപിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും ചാർജറുകളും തുടങ്ങിയവ പ്രതികൾ കവർന്നിരുന്നു.
അട്ടക്കുളങ്ങര ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യകുപ്പികളും പതിനായിരത്തോളം രൂപയും, നിരവധി വീടുകളിൽ നിന്നും വാട്ടർ ടാപ്പുകൾ ,സാനിറ്ററി ഫിറ്റിംഗുകൾ ,ലാപ്ടോപ്പുകൾ, ഐ ഫോണുകൾ,ടാബുകൾ, ചെമ്പുപാത്രങ്ങൾ, റബർ ഷീറ്റുകൾ, ഇരുമ്പു കമ്പികൾ എന്നിവയും പ്രതികൾ കവർന്നിട്ടുണ്ട്. ഇതിനു പുറമെ കടകൾ കുത്തിത്തുറന്നുള്ള മോഷണം,വീടുകളിൽ നിന്നും സ്വർണ വാച്ചുകൾ, നാണയങ്ങൾ, ഏലസ്,മൊബൈൽ ഫോണുകൾ,തടി മുറിക്കാനുപയോഗിക്കുന്ന കട്ടിംഗ് മെഷീനുകൾ അനുബന്ധ ഉപകരണങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും തെളിഞ്ഞിട്ടുണ്ട്.
വെള്ളനാട് എൽപിഎസിലെ മോഷണം, പൂവച്ചലിലെ പോസ്റ്റ് ഓഫീസിലെ മോഷണം ,വെളിയന്നൂരിലെ പെട്രോൾ പമ്പിലെ മോഷണം എന്നീ കേസുകളും പ്രതികളുടെ പേരിലുണ്ട്. 2015 മുതൽ നിരവധി വീടുകളിലും കടകളിലും നിന്നുമായി സ്വർണം, പണം, വീട്ടു സാധനങ്ങൾ എന്നിവ മോഷ്ടിച്ചതും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടര മാസമായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ മോഷ്ട്ടാവായ വെള്ളനാട് രമേശന്റെ കുട്ടാളികളാണ് പ്രതികൾ .
മുളക് പൊടി വിതറിയും കാവൽ നായ്ക്കളെ കൊന്നും ഇരുപതോളം പകൽ മോഷണ കേസുകളും പ്രതികളുടെ പേരിലുള്ളതായി പോലീസ് പറഞ്ഞു. മോഷണ കേസുകൾക്ക് ജയിൽ വാസം കഴിഞ്ഞു ഇറങ്ങിയ പ്രതികൾ മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെടുകയും പോലീസ് അന്വേഷിക്കുമ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തെ ഫോൺ നമ്പർ നൽകി പോലീസിനെ കബളിപ്പിച്ചു മോഷണ പരമ്പര തുടരുകയുമായിരുന്നു. നെടുമങ്ങാട് പഴകുറ്റിയിലെ വീട്ടിൽ കഴിഞ്ഞ 19 നു മോഷണ ശ്രമം നടന്നിരുന്നു.
പോലീസ് ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ മോനിച്ചനെ നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും അനിൽകുമാറിനെ ചുള്ളിമാനൂരിൽ നിന്നും പിടികൂടുകയായിരുന്നു.തിരുവനന്തപുരം റൂറൽ പോലീസ് മേധാവി പി .അശോക് കുമാറിന്റെ നിർദേശത്തെ തുടർന്നു നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ ,ഷാഡോ പോലീസ് ഡിവൈഎസ്പി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട് സിഐ എസ്. എസ്. സുരേഷ്കുമാർ,ആറ്റിങ്ങൽ സിഐ എം. അനിൽകുമാർ, നെടുമങ്ങാട് എസ്ഐ ഡി. ഷിബുകുമാർ, ഷാഡോ പോലീസ് എസ്ഐ സിജു, എസ്ഐമാരായ സലിം, സോമൻ, ഷാഡോ പോലീസ് എ എസ്ഐ ആർ. ജയൻ, ഷിബു, പോലീസുകാരായ സുനിൽകുമാർ, സുനിലാൽ, നെവിൽരാജ്, രാജേഷ്, ദീപു, ഷെജീം, നസീം, സജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന കേസുകൾ പോലീസിൽ അറിയിക്കാതെയോ ശ്രദ്ധയിൽ പെടാതയോ ഉണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് ഡിവൈഎസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു .