പയ്യന്നൂര്‍ :ബസിറങ്ങവേ റോഡില്‍ വീണ വയോധികന് മരിച്ച സംഭവത്തില്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. മുള്ളേരിയ കാറഡുക്ക സ്വദേശിയും എട്ടിക്കുളം മൊട്ടക്കുന്നിലെ താമസക്കാരനുമായ കെ.ചന്ദ്രനെ(41)യാണ് പയ്യന്നൂര്‍ എസ്ഐ രമേശന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാവിലെ ആറരയോടെ പയ്യന്നൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ടോള്‍ബൂത്തിന് സമീപമാണ് അപകടം.
മേല്‍പ്പാലത്തിന് സമീപത്തെ കടപ്പുറം ഊണുപുര ഹോട്ടലിലെ തൊഴിലാളിയായ എട്ടിക്കുളം മൊട്ടക്കുന്നിലെ തെക്കേത്തലക്കല്‍ ഉണ്ണികൃഷ്ണനാണ്(60) അപകടത്തെ തുടര്‍ന്ന് മരിച്ചത്.എട്ടിക്കുളം-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ പതിവുപോലെ ജോലിക്കായി വരുന്നതിനിടയില്‍ ബസിറങ്ങവേ ഇയാള്‍ റോഡില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന് രക്ഷിക്കാനായില്ല.
ബസിറങ്ങുമ്പോള്‍ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞിരുന്നത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.എന്നാല്‍ വീഴ്ചയില്‍ നെഞ്ചില്‍ ശക്തമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും വാരിയെല്ല് പൊട്ടിയിരുന്നെന്നും തല്‍ഫലമായി രക്തം കട്ടപിടിച്ചതാണ് മരണത്തിനിടയാക്കയതെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് പോലീസ് ഈ ബസിലെ സ്ഥിരം യാത്രക്കാരായ ചിലരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.ഇറങ്ങികഴിയുന്നതിന് മുമ്പുതന്നെ ബെല്ലടി കേട്ട് ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ഡോറില്‍തട്ടി താഴെ വീഴുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്.