കണ്ണൂർ: നഴ്സുമാർക്ക് വിദേശ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന നഴ്സിംഗ് കൗൺസിലിന്റെ പരാതിയിൽ അറസ്റ്റിലായ കണ്ണൂർ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണി റിമാൻഡിൽ.കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടാഴ്ചത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്.
ഖത്തറിൽ ജോലിചെയ്യുന്ന രണ്ടു നഴ്സുമാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നു ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗൺസിൽ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതി പിന്നീട് ഡിജിപി കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു. നഴ്സിംഗ് കൗൺസിൽ രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തിയതിനുപിന്നാലെ വ്യാഴാഴ്ചയാണ് രാഹുൽ ചക്രപാണി അറസ്റ്റിലാകുന്നത്.
വിദേശത്ത് പോകുന്ന നഴ്സുമാർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ച് ഗുഡ് സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലാണ്. ഇതു നിർബന്ധവുമാണ്. നഴ്സുമാർ ഈ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ ജോലി നൽകുന്ന വിദേശത്തുള്ള സ്ഥാപനത്തിന് കൗൺസിൽ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. ഇതിന്റെ പകർപ്പ് ഉദ്യോഗാർഥികൾക്കും നൽകും.
ഈ സർട്ടിഫിക്കറ്റ് വാങ്ങിക്കൊടുക്കാൻ ഇടനിലയായി നിന്ന് മെഡ്സിറ്റി വഞ്ചിച്ചുവെന്നാണ് രാഹുൽ ചക്രപാണിക്കെതിരേയുള്ള കേസ്.രണ്ടു നഴ്സുമാരിൽനിന്ന് പണം വാങ്ങിയശേഷം ഇവർക്ക് ഗുഡ് സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റിന്റെ വ്യാജ പകർപ്പ് അയച്ചുകൊടുക്കുകയായിരുന്നു.