അഗളി: പത്തൊന്പതുകിലോ ചന്ദനവുമായി രണ്ടുപേരെ അഗളി എഎസ്പിയും സംഘവും അറസ്റ്റുചെയ്തു. അട്ടപ്പാടി മേലേകണ്ടിയൂരിൽ രേശന്റെ മകൻ അയ്യപ്പൻ (36), മാങ്കര ഭൂമുന്നൂർ ചെല്ലന്റെ മകൻ ഈശ്വരൻ (26) എന്നിവരെയാണ് ഷോളയൂർ വട്ടലക്കി ഭാഗത്തുനിന്നും പിടികൂടിയത്.
അട്ടപ്പാടിയിൽനിന്ന് വ്യാപകതോതിൽ ചന്ദനം കടത്തുന്നതായുള്ള വിവരത്തെ തുടർന്നു നടത്തിയ വിശദ പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചന്ദനമോഷണം വ്യക്തമായത്. ഇവരിൽനിന്നും ചാക്കിൽകെട്ടി സൂക്ഷിച്ചിരുന്ന ചന്ദനം പിടിച്ചെടുത്തു.
ഷോളയൂർ എസ്ഐ രാജേഷ് അയോടൻ അറസ്റ്റു രേഖപ്പെടുത്തി. ചന്ദനത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച ഫോറസ്റ്റർ ബിനുവിന്റെ നേതൃത്വത്തിൽ പുളിയപ്പതിയിൽ നടത്തിയ റെയ്ഡിൽ 21 കിലോ ചന്ദനം സഹിതം രണ്ടു പ്രതികളെയും ചന്ദനം കടത്താൻ ഉപയോഗിച്ച കാറും ഫോറസ്റ്റ് സംഘം പിടികൂടിയിരുന്നു.