വെഞ്ഞാറമൂട്: നിരവധി അബ്കാരി കേസിലെ പ്രതി ചന്ദ്രകുറുപ്പിനെ എക്സൈസ് സംഘം അറസ്റ്റ്റ്റ് ചെയ്തു.കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ കുടുക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ വെള്ളാണിക്കൽ വനദുർഗ ദേവി ക്ഷേത്രത്തിനു സമീപമുള്ള വെള്ളാണിക്കൽ വട്ടവിളയുള്ള ഇയാളുടെ വീട്ടിൽ എത്തി ആവശ്യക്കാരനെന്ന വ്യാജേന ചാരായം ആവശ്യപ്പെട്ടു.
രാത്രിയിൽ വാറ്റിയ ചാരായം ഇയാൾ വിൽപ്പനയ്ക്കായി എടുത്തു കൊണ്ടുവരികയായിരുന്നു. തുടർന്ന് പ്രതിയെ പിടികൂടി വീട് പരിശോധിച്ചപ്പോൾ വാറ്റുപകരണങ്ങളും കോടയും കണ്ടെടുക്കുകയായിരുന്നു.
പ്രതിയിൽ നിന്നും രണ്ടു ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാമനപുരം കഴക്കൂട്ടം എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനിലും ചന്ദ്ര കുറുപ്പിന്റെ പേരിൽ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.
ഈ കേസുകളിലൊന്നും കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.ക്ഷേത്ര ഉത്സവം പ്രമാണിച്ച് ചാരായവാറ്റിൽ ഏർപ്പെട്ടിരിക്കവയാണ് ചന്ദ്രകുറുപ്പ് എക്സൈസ് കസ്റ്റഡിയിൽ ആവുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി. ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ, സലിം എന്നിവർ പങ്കെടുത്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.