കാട്ടാക്കട: ഭാര്യയെ കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ, കൂവളശേരി ഗീതു നിവാസിൽ ശ്യാമാ ചന്ദ്രനെ (25) ആണ് ഭർത്താവിന്റെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ശ്യാമയുടെ ഭർത്താവ് വർക്കല നെടുംകണ്ട പുളിമൂട് വീട്ടിൽ പ്രജു എന്നുവിളിക്കുന്ന ശ്രീജു (37) വിനെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജുവും ശ്യാമയും തമ്മിൽ ആറര വർഷം മുൻപാണ് വിവാഹിതരായത്.
ഇവർക്ക് അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഭാര്യാ ഗൃഹത്തിൽ താമസിക്കുന്ന ശ്രീജു രണ്ടു വർഷം മുൻപ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറഞ്ഞു.
ഇതേ തുടർന്ന് സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയശേഷം അടുത്തിടെയാണ് ഇരുവരും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ കുഞ്ഞിനൊപ്പം ഉറങ്ങിക്കിടന്ന ശ്യാമയെ ശ്രീജു മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തി ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്യാമയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മാറനല്ലൂർ എസ്ഐ കെ. സഫീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.