പാലോട് : ഒരു വർഷത്തിനു മുമ്പ് ശാസ്താനട ശംങ്കിലി വനാന്തരത്തിലെ മന്ത്രികുന്നിൽ ജീർണാവസ്ഥയിൽ മൃതദേ ഹം കാണപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. വേങ്കൊല്ല സ്വദേശി ശങ്കര(40)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കളും വ്യാജമദ്യനിർമാതാക്കളുമായ രണ്ടു പേരെ പാലോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മടത്തറ ചരുവിളവീട്ടിൽ സതീശൻ(43), മുട്ടത്തറ പുത്തൻപാലം കോളനിയിൽ തുളസി(48) എന്നിവരാണ് അറസ്റ്റിലായത്. മരിച്ച ശങ്കരനും അറസ്റ്റിലായ ഒന്നാം പ്രതി സതീശനും ചേർന്നു ഉൾവനമായ മന്ത്രിക്കുന്നിൽ വ്യാജമദ്യ വാറ്റിൽ ഏർപ്പെട്ടിരിക്കെ കോടക്കലം മറിഞ്ഞു ശങ്കരനു സാരമായ പൊള്ളലേറ്റു.
എന്നാൽ ശങ്കരനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ രണ്ടാം പ്രതിയായ തുളസിയെ സതീശൻ വിളിച്ചു വരുത്തി രണ്ടുപേരും വ്യാജമദ്യവുമായി കാട്ടിൽ നിന്ന് കടന്നു. തുടർന്ന് ശങ്കരൻ കാടിനുള്ളിൽ വച്ചു മരണപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ജീർണിച്ച മൃതദേഹം പോലീസ് കണ്ടെത്തിയതിനെ തുടർന്ന് തുളസി ഒളിവിലായിരുന്നു. സതീശൻ നേരിയമംഗലം എളംപ്ലാശേരിയിലെ കാട്ടിൽ വാറ്റു നടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു.
തുടർന്ന് സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരിപ്പയിൽ നിന്ന് തുളസിയെ പിടികൂടിയത്.പാലോട് സിഐ എൻ.കെ മനോജ്, എഎസ്ഐമാരായ രാജൻ, സാജു, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.