ചേർത്തല: കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോയും ഡ്രൈവറെയും പോലീസ് കണ്ടെത്തി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന ഡ്രൈവര്ക്കുമുന്നില് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയപ്പോള്‍ അവസാനം കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിൽ നിന്നും അടർന്നുവീണ പൊട്ടിയ ചില്ലു കഷ്ണത്തിൽ ചേർന്നിരുന്ന രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് തുമ്പ് കണ്ടെത്തിയത്.
പോലീസ് പറയുന്നത്…
ചേർത്തല കാർത്ത്യായനി ബാറിലെ ജീവനക്കാരനായ വാരനാട് നികർത്തിൽ പുരുഷോത്തമൻ (50) ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി കിഴക്കോട്ടുള്ള റോഡിലൂടെ കഴിഞ്ഞ 11ന് രാത്രി പത്തരയോടെ വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം.
പടിഞ്ഞാറു നിന്നു കിഴക്കോട്ട് നടന്നു പോവുകയായിരുന്ന പുരുഷോത്തമനെ പിന്നാലെ വന്ന വാഹനം ഇടിച്ചതെറിപ്പിച്ചു. റോഡിലേക്ക് വീണു തലയ്ക്ക് സാരമായി പരിക്കുപറ്റി ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലുള്ള ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ചേർത്തല പോലീസ് ശാസ്ത്രീയ തെളിവുകൾ തേടിയത്.
അപകടം നടന്ന സ്ഥലത്ത് നിന്നും ഇടിച്ച വാഹനത്തിന്റേത് എന്ന് സംശയിക്കാവുന്ന ചില്ല് കഷ്ണവും അതിൽ ബി എച്ച് എന്ന രണ്ട് അക്ഷരവും പോലീസിനു ലഭിച്ചിരുന്നു. ഓട്ടോറിക്ഷയിൽ ഉപയോഗിക്കുന്ന ഗ്ലാസ് ആണ് ഇതൊന്ന് മനസിലായി.
തുടർന്ന് അപകടം നടന്ന സ്ഥലത്ത് ഉള്ള സിസിടിവി ദൃശ്യങ്ങൾ നോക്കിയെങ്കിലും മഴയും, വൈദ്യുതി ഇല്ലാത്ത അവസ്ഥയും ആയിരുന്നതിനാൽ അവ്യക്തമായ ചിത്രങ്ങളാണ് ലഭിച്ചത്.
തുടർന്നു വണ്ടിയുടെ ഗ്ലാസ് കഷ്ണവും അക്ഷരങ്ങളുമായി ചേർത്തലയിലെയും സമീപസ്ഥലങ്ങളിലെയും ഓട്ടോസ്റ്റാൻഡിലും മറ്റും നടത്തിയ അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്.
പ്രതിയുടെ വീട്ടിൽ എത്തിയ പോലീസ് തങ്ങളുടെ കയ്യിൽ കിട്ടിയിരുന്ന അക്ഷരങ്ങളും വണ്ടിയിൽ ഉണ്ടായിരുന്ന അക്ഷരങ്ങളും കൂട്ടി വായിച്ചപ്പോൾ ഇതുതന്നെയാണ് വാഹനം എന്നും മനസിലായി. തുടർന്ന് ഓട്ടോ ഡ്രൈവറായ നഗരസഭ പത്താം വാർഡ് ചാവടി പറമ്പിൽ ബിനുദാസി (33)നെ ചോദ്യം ചെയ്തപ്പോൾ ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ല.
നായ വട്ടം ചാടിയതാണെന്നും ഇരുട്ട് ആയിരുന്നത് മൂലം അറിഞ്ഞില്ല എന്നുമാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. ചേർത്തല സിഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ബാബു, സിപിഒ ബിനുമോൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.