ഈരാറ്റുപേട്ട: കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയതിനു മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അരുവിത്തുറ വലിയ വീട്ടിൽ ഉനൈസ്(32), എംഇഎസ് ജംഗ്ഷനു സമീപം ആറ്റുവീട്ടിൽ ഹബീസ്(42), മറ്റക്കാട്ട് അരിയത്തു പറന്പിൽ നസീർ(40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റു ചെയ്തത്.
ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനു സമീപം വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ കൂട്ടംകൂടി നിൽക്കുന്നതായും വാക്കുതർക്കം ഉണ്ടാകുന്നതായും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു സ്ക്വാഡ് അംഗങ്ങൾ സ്ഥലത്തു നിരീക്ഷണം നടത്തി വരുകയായിരുന്നു.
തുടർന്നാണ് കാരംസ് കളിയല്ല, മറിച്ച് ചൂതാട്ടമാണ് നടക്കുന്നതെന്നു പോലീസ് കണ്ടെത്തിയത്. കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതിവെച്ച് അക്കങ്ങളിൽ തുകവയ്ക്കുന്നു. ഒന്നുമുതൽ ആറുവരെ കുത്തുകൾ ഉള്ള കട്ട കുലുക്കി ഇടുന്പോൾ കാരംസ് ബോർഡിലെ അക്കത്തിനു സമാനമായ അക്കമാണ് കട്ടയിൽ കാണുന്നതെങ്കിൽ ഇരട്ടിത്തുകയാണ് ലഭിക്കുന്നത്.
പോലീസ് സംഘം എത്തുന്പോൾ നിരവധിയാളുകളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും മൂവരേയും പിടികൂടുകയായിരുന്നു. 15,000 രൂപയും പിടിച്ചെടുത്തു.
പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട എസ്എച്ച്ഒ ബൈജുകുമാർ, എസ്ഐ എം.എച്ച്. അനൂപ്, ജോർജ്, എഎസ്ഐ ബിജു, സിപിഒമാരായ എം.എൻ. സന്തോഷ്, വി.എ. ഹുസൈൻ, കിരണ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.പി. അജയകുമാർ, തോംസണ് കെ. മാത്യു, ശ്രീജിത്ത് ബി. നായർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.