വൈപ്പിൻ: പോലീസ് സ്റ്റേഷന്റെ അകത്ത് കയറി ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് ഞാറക്കൽ പോലീസ് ചാർജ്ജ് ചെയ്ത കേസിൽ നാല് കോണ്ഗ്രസ് നേതാക്കളെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. ഡിസിസി അംഗം പി.പി. ഗാന്ധി, കോണ്ഗ്രസ് ഐ വൈപ്പിൻ ബ്ലോക്ക് സെക്രട്ടറിമാരായ എ.പി. ലാലു, ജൂഡ് പുളിക്കൽ, യൂത്ത് കോണ്ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പ്രൈജു ഫ്രാൻസീസ്, യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ ശ്രീജിത്ത് എന്നിവരെയാണ് ശിക്ഷിച്ചത്.
മറ്റൊരു പ്രതിയായ കേരള കോണ്ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയിമുളേരിക്കലിനെ കോടതി വെറുതെ വിട്ടു. കൂടാതെ പ്രതിയായ കെഎസ് യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളുടെ വിധി പിന്നീടത്തേക്ക് മാറ്റി . ശിക്ഷിച്ച പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
2009ൽ നായരന്പലം അന്പലത്തിലെ ഉൽസവത്തിനു ആനയുടെ കൊന്പിൽ തൊട്ടതിനു പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ തേടി പോലീസ് സ്റ്റേഷനിൽ ചെന്ന യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് പ്രൈജുഫ്രാൻസീസും പോലീസുമായുണ്ടായ കശപിശയാണ് കേസിനാസ്പദം. സംഭവമറിഞ്ഞ് കോണ്ഗ്രസ് നേതാക്കൾ സ്റ്റേഷനിലെത്തിയതോടെ പ്രശ്നം ഗുരുതരമായി. തുടർന്നാണ് പോലീസ് കേസെടുത്തത്.