കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം ശ്രീനവമി വീട്ടിൽ നിധിൻ പ്രകാശ് (ചക്കര- 27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 ഓടുകൂടി കോട്ടയം ബേക്കർ ജംഗ്ഷനു സമീപമുള്ള കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽവച്ച് മജിസ്ട്രേറ്റിനുനേരേ അസഭ്യവർഷം നടത്തുകയും കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്തെറിഞ്ഞുപൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തുടർന്ന് സ്ഥലത്തിനിന്ന് ഇവർ കടന്നുകളഞ്ഞു.
പ്രതികൾക്കെതിരേ കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിതിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.