തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനെ അക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുട്ടിമാക്കൂൽ പൊയ്യേരി സഹദേവനെയാണ് (53) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിൽ ടൗൺ എസ് ഐ അഖിലിന്റെ പുറത്ത് കടിക്കുകയും എസ്ഐയെ തള്ളി വീഴിക്കുകയും ചെയ്തത് സഹദേവനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സഹദേവന്റെ റോൾ പോലീസ് തിരിച്ചറിഞ്ഞത്. വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ വൈകുന്നേരം പച്ചക്കറി കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ വയൽ വളഞ്ഞാണ് സഹദേവനെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടയിൽ പോലീസ് പച്ചക്കറി കൃഷി നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകനായ കുട്ടിമാക്കൂൽ പെരിങ്കളത്തെ നിലാവ് വീട്ടിൽ ലിനീഷിനെയാണ് ടൗൺ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതി റിമാൻഡ് ചെയ്തു. പോലീസിനെ അക്രമിച്ച സംഭവത്തിലും പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച സംഭവത്തിലും പ്രതികളായിട്ടുള്ള സിപിഎം പ്രവർത്തകർക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.
പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ ജിതിൻ, ശബരീഷ്, പ്രദീപ്, സന്ദേശ് തുടങ്ങിയവരും സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 61 സിപിഎം പ്രവർത്തകർക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ 27 സിപിഎം പ്രവർത്തകരാണ് പ്രതികൾ.