നെന്മാറ: രണ്ട് ആക്രമണക്കേസുകളിലായി നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.കോണ്ഗ്രസ് വല്ലങ്ങി മണ്ഡലം പ്രസിഡന്റ് എൻ. സോമനെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനും കേസിലെ ഒന്നാം പ്രതിയുമായ വിത്തനശ്ശേരി ഏച്ചം വീട്ടിൽ മോട്ടു എന്ന പ്രമോദ് (32) ആണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.
23ന് വൈകീട്ട് നടന്ന അക്രമ സംഭവത്തിൽ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ മോട്ടുവിനെ ഇന്നലെ വൈകീട്ട് തേങ്കുറുശ്ശിയിലുള്ള മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. കൂടാതെ സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മാട്ടായിയിൽ ഉണ്ടായ സംഘർഷത്തിലും ബിജെപി പ്രവർത്തകൻ പോത്തുണ്ടി തിരുത്തന്പാടം പ്രണവിനു പരുക്കേറ്റ കേസുകളിലാണ് മൂന്ന് സിപിഎം പ്രവർത്തകർകൂടി അറസ്റ്റിലായത്.
സിപിഎം പ്രവർത്തകരായ വിത്തനശേരി സൂര്യ നിവാസിൽ ഉണ്ണിലാൽ(29), മനങ്ങോട് ചെട്ടിത്തറയിൽ രാധാകൃഷ്ണൻ (32), മാട്ടായി കോളനി ബൈജു(35) എന്നിവരെ ആലത്തൂർ ഡിവൈഎസ്പി. വി.എ. കൃഷ്ണദാസ് അറസ്റ്റു ചെയ്തു.പ്രണവിനെ വളഞ്ഞിട്ടു ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കേന്ദ്ര പട്ടികജാതി കമ്മിഷൻ ഇടപെട്ട കേസിൽ പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം എന്ന വകുപ്പു കൂടി ചേർത്താണു കേസെടുത്തിട്ടുള്ളത്.