ചങ്ങനാശേരി: തൃക്കൊടിത്താനത്ത് യൂത്ത് കോണ്ഗ്രസ് നേതാക്കളെ വീട്ടിൽ കയറി കന്പിവടിക്ക് അടിച്ച കേസിൽ സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് സെക്രട്ടറിയും റിമാൻഡിൽ.
തൃക്കൊടിത്താനം പഞ്ചായത്ത് നാലാംവാർഡംഗം ബൈജു വിജയൻ(43), മണികണ്ഠവയൽ ലോക്കൽ സെക്രട്ടറി തടത്തിൽ സുനിൽകുമാർ(45)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
യൂത്ത് കോണ്ഗ്രസ് നേതാക്കളായ മനുകുമാർ, ആന്റോ ആന്റണി എന്നിവരെയാണ് മനുകുമാറിന്റെ വീട്ടിൽ കയറി ബൈജു വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ ക്രൂരമായി മർദിച്ചത്.
കഴിഞ്ഞ 12-ന് പുലർച്ചെ 1.30നാണ് സംഭവം. അക്രമത്തിനുശേഷം ഒളിവിൽപ്പോയ ഇരുവരെയും ഇന്നലെയാണ് തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ് ഐ ബോബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മനുകുമാറിന്റെ വീട്ടിൽക്കയറി ബൈജു അക്രമം നടത്തുന്ന രംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ബൈജുവാണ് കേസിലെ ഒന്നാംപ്രതി.
കേസുമായി ബന്ധപ്പെട്ട് തൂന്പുങ്കൽ ആന്റണി (മജു-43)വിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനുകുമാറിന്റെ നേതൃത്വത്തിൽ മണികണ്ഠവയലിൽ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി സ്ഥാപിച്ചതും കേസിലെ പ്രതി തൂന്പുങ്കൽ ആന്റണിയുമായി നിലനിന്ന വാക്കു തർക്കവും പ്രശ്നങ്ങളുമാണ് വീടുകയറി അക്രമത്തിൽ കലാശിച്ചത്.