ശാസ്താംകോട്ട: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരം. മറ്റ് മൂന്നുപേരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. മൈനാഗപ്പള്ളി ഇടവനശേരി ആരളയിൽ നാസറിന്റെ മകൾ നജീലയാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.
സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിൽ പോയിരിക്കുകയായിരുന്നു. നജീലയുടെ സഹോദരിയുടെ നിലവിളികേട്ട് ഉടൻ അയൽവാസികളും ബന്ധുക്കളും ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൈനാഗപ്പള്ളി ചെറുപിലാക്കൽ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി. ഫോറൻസിക്, ഫിംഗർ പ്രിന്റ്, സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൊട്ടാരക്കര റൂറൽഎസ്പി കെ.സുരേന്ദ്രൻ എസിപി ബി.കൃഷ്ണകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതിനിടയിൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയർന്നതിനെതുടർന്ന് ചിലരെ ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലുള്ള സ്ത്രീ മന്ത്രവാദത്തിനും മറ്റുമായി കുട്ടിയെ പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ വെളിപ്പെടുത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സൂചന.