ന്യൂഡൽഹി: സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഗുൽകേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തായ ദൽബിറിനെ ഇയാൾ കൊലപ്പെടുത്തിയത് ഭാര്യയെ വിവാഹം കഴിക്കാനാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ദൽബിറിന്റെ ഭാര്യയുമായി ഗുൽകേഷിന് സുഹൃദ് ബന്ധമുണ്ടായിരുന്നു. ദൽബിറിനെ ഒഴിവാക്കണമെന്ന് ഗുൽകേഷ് ഇവരോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് അനുസരിച്ചില്ല. തുടർന്നാണ് ദൽബിറിനെ കൊല്ലാൻ ഇയാൾ തീരുമാനിച്ചത്.
ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. ഗുൽകേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദൽബിർ. സൗഹൃദം നടിച്ച് ദൽബിറിനെ റെയിൽവേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുൽകേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി.
ശേഷം ഇയാളുടെ ശരീരം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയിൽവേ ട്രാക്കിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുൽകേഷാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ ദൽബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താൻ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യക്കോ മറ്റാർക്കെങ്കിലുമോ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .