കണ്ണപുരം: ഭർതൃമതിയെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം ചുണ്ടവയലിലെ ക്വാർട്ടേഴ്സിൽ താമസിച്ചുവന്നിരുന്ന തമിഴ്നാട് സ്വദേശിനി മഞ്ജു (25) വിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭർത്താവ് മണികണ്ഠനെ ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 9.30 ഓടെയാണ് മഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് മണികണ്ഠനെ കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നു രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
ഒരുമാസം മുന്പാണ് മഞ്ജുവും മണികണ്ഠനും ഇവിടെ താമസമാരംഭിച്ചത്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിലെത്തിയ മണികണ്ഠൻ മരത്തടി ഉപയോഗിച്ച് മഞ്ജുവിനെ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഇവർ തമ്മിൽ സ്ഥിരമായി കലഹിച്ചിരുന്നതായി പ്രദേശത്തുള്ളവർ പോലീസിനോടു പറഞ്ഞു. നാലു മക്കളുള്ള ഇവർക്കൊപ്പം ഇളയ മകനായ മദൻ മാത്രമാണുള്ളത്. മറ്റു മക്കളായ ഭരണി, ഇൻപ്, അൻപ് എന്നിവർ തമിഴ്നാട്ടിലാണ്.