കടയ്ക്കാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘം കടയ്ക്കാവൂർ പോലീസിന്റെ പിടിയിൽ. വക്കം പോസ്റ്റോഫീസിനു സമീപം പുളിമൂട് വീട്ടിൽ ദീപു (40), കവലയൂർ കണ്ണങ്കര വീട്ടിൽ പ്രസാദ് (40), വെയിലൂർ മുരുക്കുംപുഴ മുണ്ടക്കൽ ഖാൻ കോളനിയിൽ വിജയൻ (24) എന്നിവരാണ് പിടിയിലാ യത്. കടയ്ക്കാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട മാല മോഷണക്കേസിലെ പ്രതിയായ ദീപുവാണ് മോഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
പത്ര ഏജന്റ് എന്ന വ്യാജേന ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി കൂട്ടാളികളുമായി ചേർന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി. നിലയ്ക്കാമുക്ക് ജെജെ നിവാസിൽ വാസന്തിയുടെ വീട് കുത്തിതുറന്ന് പണവും സ്വർണവും വീട്ടു സാധനങ്ങളും കവർന്ന കേസാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷ നിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.കട പൂട്ടി വീട്ടിലേയ്ക്ക് പോവുക യായിരുന്നയാളെ ആക്രമിച്ച് പണം പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് കടയ്ക്കാവൂർ പോലീസ് ഇൻസ്പക്ടർ ജി.ബി. മുകേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
കടയ്ക്കാവൂർ എസ്ഐ സജീവ്, ജൂനിയർ എസ്ഐ ശ്യാം, എഎസ്ഐമാരായ ഫിറോസ് ഖാൻ, ശ്രീകുമാർ, സിപിഒമാരായ സജു, ഡീൻ, ദിലീപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ക്രിമിനലുകളെ വലയിലാക്കിയത്.ഒന്നാം പ്രതിയായ ദീപു ഒരു പത്ര ഏജന്റാണ്. മുൻനിര പത്രങ്ങളുടെ മാസ പിരിവിൽ തിരിമറി കാണിച്ചും, മറ്റ് ഏജന്റുമാരുടെ പത്രക്കെട്ടുകൾ മോഷ്ടിച്ചിരുന്നതിനും ദീപു പോലിസ് പിടിയിലായിട്ടുണ്ട്.
ഇതിൽ നിന്നും ജാമ്യം കിട്ടിയ പ്രതി മോഷണ പരമ്പര തന്നെ തുടരുകയായിരുന്നു.രണ്ടാം പ്രതിയായ പ്രസാദ് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2003 ൽ ബാധ ബാബു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. മൂന്നാം പ്രതിയായ വിജയൻ ഒട്ടേറെ മോഷണക്കേസ് പ്രതിയാണ്. ഏകദേശം രണ്ടാഴ്ച മുൻപ് മംഗലാപുരത്ത് നിന്നും നാല് ഫോണും പതിനൊന്നായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് വിജയൻ.