കണ്ണൂർ: ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുകയും പൈസ നൽകുവാൻ ഹോട്ടൽമാനേജരുടെ എടിഎം കാർഡിന്റെ നന്പർ ആവശ്യപ്പെടുകയും എടിഎം കാർഡിന്റെ നന്പറുപയോഗിച്ച് പണം തട്ടുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് തൃശൂരിൽ വച്ച് അറസ്റ്റുചെയ്തു. ഉത്തർപ്രദേശ് മധുരയിലെ ദിൽവാഗ് (24) ആണ് തൃശൂരിൽ അറസ്റ്റിലായത്.
കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബാവിഷ്, എഎസ്ഐ കൃഷ്ണൻ, സിപിഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2019 മെയ് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ആർമി ഓഫീസറെന്ന് പരിചയപ്പെടുത്തി എത്തിയ യുവാവ് ഹോട്ടലിലെത്തുകയും ഭക്ഷണം പാഴ്സലായി ഓർഡർ ചെയ്യുകയും ചെയ്തു.
തുടർന്ന് ഭക്ഷണം വാങ്ങുവാൻ യുവാവിനെ കാണാത്തപ്പോൾ ഫോണിലൂടെ ഹോട്ടൽ അധികൃതർ വിളിക്കുകയും ചെയ്തു. ഭക്ഷണത്തിന്റെ പൈസ നൽകുവാൻ ഫോണിലൂടെ ഹോട്ടൽ മാനേജരുടെ എടിഎം കാർഡിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് മാനേജരുടെ അക്കൗണ്ടിൽ നിന്ന് 35,655 രൂപ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ റെയിൻബോ ടൂറിസ്റ്റ്ഹോം മാനേജർ പരാതി നൽകുകയായിരുന്നു. തൃശൂരിൽ വച്ച് പ്രതി അറസ്റ്റിലാവുകയായിരുന്നു. തൃശൂരിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.