തൃശൂർ: ലഹരിമരുന്നുമായി തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈൻ ആണ് പിടിയിലായത്.
ഇയാളുടെ പക്കൽനിന്ന് പോലീസ് രണ്ടരഗ്രാം എംഡിഎംഎയും ലഹരി സ്റ്റാന്പുകളും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശിയായ അക്വിൽ ബംഗളൂരുവിൽനിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് വിവരം.
ഷാഡോ പോലീസും മെഡിക്കൽ കോളജ് പോലീസും ചേർന്ന് മെഡിക്കൽ കോളജ് പരിസരത്ത് തെരച്ചിൽ നടത്തിയിരുന്നു. സമീപത്തെ സ്വകാര്യ ലോഡ്ജിൽനിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്.
മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന് നേരത്തേ ഷാഡോ പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്നാണ് എത്തിച്ചത്.
സ്ഥിരമായി പതിനഞ്ചോളം പേർ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പ്രതി പോലീസിനോടു പറഞ്ഞു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടികൂടി.