പറവൂർ: അനധികൃതമായി ഡ്രൈവിംഗ് പഠിപ്പിച്ച വനിതയ്ക്കെതിരേ കേസെടുത്തു.കൈതാരം ചേറാമൻതുരുത്ത് മിനി സോജനെതിരേ മോട്ടർ വാഹന വകുപ്പ് കേസെടുത്തു. പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു.
ഡ്രൈവിംഗ് സ്കൂളോ പഠിപ്പിക്കുന്നതിനാവശ്യമായ ലൈസൻസോ ഇല്ലാതെ പണം ഈടാക്കി ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഷോയ് വർഗീസാണു ഇവരെ പിടികൂടിയത്.
കോവിഡിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിട്ടിരിക്കുന്ന സമയത്താണ് ഇവർ വാഹനവുമായി നിരത്തിലിറങ്ങിയത്. കാറിൽ അനധികൃതമായി ഡ്യുവൽ കൺട്രോൾ സിസ്റ്റം ഘടിപ്പിച്ചിരുന്നു.
വാഹനത്തിൽ ആവശ്യമായ രേഖകളും ഓടിച്ചിരുന്ന കുട്ടിക്കു ലേണേഴ്സ് ലൈസൻസും ഉണ്ടായിരുന്നില്ല. കോവിഡ് നിബന്ധനകൾക്കു വിരുദ്ധമായി പിൻസീറ്റിൽ മൂന്നു കുട്ടികളും ഒരു മുതിർന്നയാളും ഉണ്ടായിരുന്നതായി ജോയിന്റ് ആർടി ഓഫീസ് അധികൃതർ പറഞ്ഞു.
ഇത്തരം വ്യാജ പരിശീലകർക്കെതിരേ നടപടിയെടുക്കണമെന്നു ഓൾ കേരള മോട്ടർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് ആവശ്യപ്പെട്ടു.