വെമ്പായം: കന്യാകുളങ്ങര കോൺഗ്രസ് ഭവൻ അടിച്ചു തകർത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചീരാണിക്കര പൂവപ്ലാങ്ങര സോപാനം വീട്ടിൽ ലിജു ( 28) , തേക്കട ചീരാണിക്കര കട്ടത്തട്ടി ചരുവിള വീട്ടിൽ നവാസ് ( 29) എന്നിവരെയാണ് വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും, കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് പറഞ്ഞു. കഴിഞ്ഞ 31നാണ് കോൺഗ്രസ് ഭവൻ ഒരു സംഘം ആളുകൾ ആക്രമിക്കുകയും, അടിച്ചു തകർക്കുകയും ചെയ്തത്.
തേമ്പാംമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ വിലാപയാത്രയ്ക്ക് പിന്നാലെ നടന്ന പ്രകടനത്തിനിടയിലാണ് കോൺഗ്രസ് ഭവൻ ആക്രമിക്കപ്പെട്ടത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.