പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികൾ പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), കരിന്തരുവി ചപ്പാത്ത് ഹെവൻവാലി തോട്ടത്തിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് കന്പത്ത് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറും ഏലപ്പാറ സ്വകാര്യ ക്ലിനിക്ക് ഉടമയുമായ ഡോ. കനിമലറിനെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ പ്രതികൾ തിങ്കളാഴ്ച ഉച്ചയോടെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ പക്കലുണ്ടായിരുന്ന 50,000 രൂപ കവർന്നു.
വാടകയ്ക്ക് എടുത്ത കാറിൽ ഏലപ്പാറയിലെ ക്ലിനിക്കിലെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് അവിടുത്തെ ഒരു ജീവനക്കാരനെയുംകൂട്ടി കന്പത്ത് എത്തിയ പ്രതികൾ തിരുവനന്തപുരത്തുനിന്നും എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി.
ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ജീവനക്കാരെയും ഡോക്ടറെയും ഇവരുടെ വാഹനത്തിൽ കയറ്റി കുമളിയിൽ എത്തിച്ചശേഷം ഡോക്ടറുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ വാങ്ങിച്ചശേഷം ഇരുവരെയും കുമളിയിൽ ഇറക്കി വിട്ടു.
കബളിക്കപ്പെട്ടത് മനസിലാക്കിയ ഡോക്ടർ പീരുമേട് ഡിവൈഎസ്പി സനിൽ കുമാറിന് പരാതി നല്കിയതിനെത്തടർന്ന് ഡിവൈഎസ്പിയുടെ സ്ക്വാഡ് സാം കോരയുടെ ചപ്പാത്തിലെ വീട്ടിൽനിന്നും ഇരുവരെയും പിടികൂടുകയായിരുന്നു.
ഡോക്ടറെ കടത്തിക്കൊണ്ടുപോയ വാഹനം മുണ്ടക്കയം 35-ാം മൈലിൽ ഉപേക്ഷിച്ച് ഇവർ മറ്റൊരു വാടക വാഹനത്തിൽ ചപ്പാത്തിൽ എത്തുകയായിരുന്നു.
കാറിൽനിന്നും എക്സൈസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന യൂണിഫോമും ബെൽറ്റും തൊപ്പിയും കണ്ടെടുത്തു.പിടിയിലായവർക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പീരുമേട് എസ്ഐ അഫ്സർ, എഎസ്ഐ നസീമ, സിപിഒ സിയാദ്, അങ്കു കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.