ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മാരാകായുധങ്ങളുമായെത്തി ഹോട്ടൽ ആക്രമിക്കുകയും ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവ് പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞതടക്കം നിരവധി കഞ്ചാവ്, അക്രമം, അടിപിടി കേസുകളിൽ പ്രതി.
അതിരന്പുഴ ചൂരക്കുളം ക്രിസ്റ്റി ജോസഫാണ് (26) ഇന്നലെ ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതിയാരെന്നു പോലീസ് തിരിച്ചറിഞ്ഞിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തെരച്ചിൽ നടത്തുന്നതിനിടയിൽ പനച്ചിക്കാട് ഓട്ടക്കാഞ്ഞിരത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നാൽപ്പാത്തിമലയിലെ ഒരു റബർ തോട്ടത്തിൽ പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
ഇയാൾക്കൊപ്പം കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പോലീസിനെ അക്രമിച്ച കേസിലെ മറ്റു രണ്ടുപേരും പിടിയിലായി. അതിരന്പുഴ നാൽപ്പാത്തിമല അപ്പു എന്ന് വിളിക്കുന്ന അഖിൽ (27), എബിസണ് (28) എന്നയാളെയും പോലീസ് സാഹസികമായി പിടികൂടി.
പുതുവർഷ പുലരിയിൽ വഴിയിലിരുന്ന മദ്യപിച്ചത് ചോദ്യം ചെയ്ത പോലീസിനെ അക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായിരിക്കുന്ന അഖിലും എബിസണും.
രാത്രി 11 നാണ് സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താരാ ഹോട്ടലിലേക്ക് മാരകായുധങ്ങളുമായി രണ്ടംഗ സംഘം അതിക്രമിച്ച് കയറിയത്. രാത്രി വൈകി ചിക്കൻ ഫ്ര ആവശ്യപ്പെട്ടെത്തിയ സംഘം കടയടച്ചുവെന്നുള്ള ഉടമയുടെ മറുപടിയിൽ പ്രകോപിതരായി അക്രമം കാട്ടുകയായിരുന്നു.
ഹോട്ടലുടമ ഏറ്റുമാനൂർ കാശാംകാട്ടേൽ രാജു ജോസഫ് (61) , ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് ( 34 ) എന്നിവർക്ക് പരിക്കേറ്റിരുന്നു. റിസപ്ഷൻ കൌണ്ടർ വെട്ടിപൊളിച്ച സംഘം മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും അപഹരിച്ചു.
വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും രണ്ടുപേരും ബൈക്കിലേറി രക്ഷപെട്ടു. ഈ സംഭവത്തിൽ മഹേഷ് എന്നയാൾക്കു വേണഅടി പോലീസ് അന്വേഷണത്തിലാണ്.