വടകര: അമിത വേഗത ചോദ്യം ചെയ്തതിന് കാൽനട യാത്രക്കാരനെ തല്ലിക്കൊന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. അഴിയൂർ ഗ്രീൻസ് ഹോസ്പിറ്റലിനടുത്ത് കിഴക്കേ പാലക്കൂൽ ഫർസൽ (39), അഴിയൂർചുങ്കം ചെറിയത്ത് ഹൗസിൽ ഷിനാസ് (30) എന്നിവരെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അക്രമത്തിൽ പരിക്കേറ്റ ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം കൂടത്തിൽ സി.കെ.വിനോദാണ് (47) മരിച്ചത്.
മാഹി ഹോസിപിറ്റലിനു സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്നു വിനോദിനെയും സുഹൃത്ത് പ്രദീപ്കുമാറിനെയും അക്രമികൾ അടിച്ചുവീഴ്ത്തുകയായിരുന്നു. തലയിടിച്ച് വീണ വിനോദിന് സാരമായ പരിക്കേറ്റു. ഉടൻ മാഹി ആശുപത്രിയിലും പിന്നീട് തലശേരിയിലും കൊണ്ടുപോയെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച വിനോദ് വെള്ളിയാഴ്ച വെളുപ്പിനു മരണമടഞ്ഞു.
അമിത വേഗതയിൽ വാൻ ഓടിച്ചെത്തിയ ഫർസലിനോട് എന്ത് പോക്കാണെന്ന് വിനോദും പ്രദീപ്കുമാറും ചോദിച്ചിരുന്നു. വാഹനം കുറച്ച് മുന്നിൽ നിർത്തിയ ശേഷം ഫർസൽ ഇറങ്ങിവന്ന് ഇരുവരേയും നേരിടുകയായിരുന്നു. ഇതിനിടയിലാണ് ഷിനാസ് ഓടിയെത്തിയതും അക്രമിച്ചതും. മർദനത്തിനു ശേഷം അക്രമികൾ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന്റെ നന്പർ രാത്രി തന്നെ ശേഖരിച്ച പോലീസ് ഫർസലിനെ അറസ്റ്റ് ചെയ്തു.
ഇതിനു പിന്നാലെ ഷിനാസിനെയും പിടികൂടി. വധശ്രമത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും വിനോദ് മരണപ്പെട്ടതോടെ കൊലക്കേസാക്കി മാറ്റി. അക്രമത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് മാഹി പോലീസ് അറിയിച്ചു. മർദനരംഗം പതിഞ്ഞ സിസിടിവി പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.