കണ്ണൂർ: രാമതെരുവിൽ സിപിഎം നേതാവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
കീച്ചേരി അഞ്ചാംപീടികയിലെ എ.ഷിഗിൽ (31)നെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 7 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
സിപിഎം പുഴാതി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും സൈക്കിളും അക്രമികൾ തീവെച്ചുനശിപ്പിക്കുകയായിരുന്നു.
വ്യാജമദ്യ-മയക്കുമരുന്ന് വില്പനയെ എതിര്‍ത്ത വിരോധത്തിലാണ് ബിജുവിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ നശിപ്പിച്ചത്.
അറസ്റ്റിലായ ഷിഗിൽ കൊടകര കുഴൽപ്പണ കേസിലെ പ്രതിയാണ്. സംഭവത്തിൽ രാമതെരുവിലെ പണ്ടാര ഹൗസിൽ ടാർസൻ എന്ന സുമേഷി(32) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇനി രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്ഐമാരായ രഞ്ജിത്ത്, അജയൻ, സിപിഒ നാസർ, രാഘവൻ, വിജിനേഷ് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.