പയ്യന്നൂർ: ഭക്ഷണം കഴിക്കാൻ പൈസയില്ലാതെ വിഷമിക്കുന്നത് കണ്ട് ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞയാൾ മൂന്ന് മാസങ്ങൾക്കുശേഷം പിടിയിൽ.
കണ്ണൂരിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന ചെറുതാഴം കക്കോണിയിലെ യു. നിധിന്റെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ് പൂരിലെ ബാബുൽ അലിയെയാണ് നിധിനും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പയ്യന്നൂർ പോലീസിൽ ഏൽപിച്ചത്.
കഴിഞ്ഞ ജൂൺ 27ന് രാത്രി പത്തോടെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കൈയിൽ പണമില്ലാത്തതിനാൽ ഹോട്ടലുടമ ഭക്ഷണം നൽകാതെ മാറ്റി നിർത്തിയ കാക്കി വസ്ത്രധാരിയെ കണ്ടു. ഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലായെന്ന് മനസിലാക്കി ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി.
എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കെഎസ്ആർടിസിയിലേക്കാണെന്നായിരുന്നു ഇയാളുടെ മറുപടി. മലയാളിയല്ലാത്തതിനാൽ മറുപടിയിൽ സംശയം തോന്നിയ നിധിന്റെ സുഹൃത്ത് കാക്കി വേഷക്കാരന്റെ ഫോട്ടോ മൊബൈലിൽ എടുത്തതാണ് പിന്നീട് ഗുണമായത്.
നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ മേശപ്പുറത്തിരുന്നിരുന്ന 45,000 രൂപയും രേഖകളുമടങ്ങുന്ന ബാഗുമായി ഇയാൾ സ്ഥലം വിടുകയായിരുന്നു. പിന്നീട് മൊബൈലിൽ എടുത്ത ഫോട്ടോ കാണിച്ചപ്പോൾ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ സ്ഥലം വിടുന്നയാളാണ് ഇയാളെന്ന് മനസിലായി.
തളിപ്പറമ്പിലെ സുഹൃത്തുക്കളെ ഫോട്ടോ കാണിച്ചപ്പോൾ മൊബൈൽ ഷോപ്പിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായും മനസിലായി. ഇതിനിടയിലാണ് മാടായി പുതിയങ്ങാടിയിൽ ഇയാളെ കണ്ടതായി നിധിനെ ഒരു സുഹൃത്ത് വിളിച്ചറിയിച്ചത്. സുഹൃത്തുക്കളെയും കൂട്ടിയെത്തിയ നിധിൻ ബാഗ് സഹിതമാണ് ഇയാളെ പിടികൂടി പയ്യന്നൂർ പോലീസിൽ ഏൽപിച്ചത്. ബാഗിലെ രേഖകൾ രേഖകൾ പുഴയിൽ കളഞ്ഞതായാണ് പ്രതി പറയുന്നത്.