കോട്ടയം: ഡ്യൂട്ടി നിര്‍വഹണത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.നട്ടാശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരനായ റിജു മാത്യു (35), നട്ടാശേരി വടവാതൂര്‍ പാറേപ്പറമ്പ് ഭാഗത്ത് പാറേപ്പറമ്പില്‍ മഹാദേവ് പി. സജി (24), നട്ടാശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളി രാഹുല്‍ രാജ് (25), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ എബിന് ദേവസ്യ (24), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയന്‍ നിധിന് (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24നു രാവിലെ 9.45നു കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാന്‍ എന്ന വ്യാജേന ചെന്ന ഇവര്‍, അവിടെനിന്നു പുറമെ നിന്നുള്ളവര്‍ക്ക് ഇറച്ചി നല്‍കാറില്ലെന്ന് അഡ്മിനിസ്ട്രേറ്ററും മറ്റും പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു.
അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സംഘം ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐമാരായ ദിലീപ്കുമാര്, ജിജി ലൂക്കോസ്, മനോജ്കുമാര്‍, എഎസ്ഐ രജീഷ് രവീന്ദ്രന്, സിപിഒമാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, പി.പി. ദിലീപ്, കെ.കെ. ബിജു, അനിക്കുട്ടന്, ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.