വാകത്താനം: പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കു കിട്ടിയതു കന്പിവടികൊണ്ടുള്ള അടി. ഒടുവിൽ അക്രമിയെ പോലീസ് കീഴടക്കി. വാകത്താനം കുളത്തിൽ ജോർജ് കുട്ടിയേയാണു പോലീസ് പിടികൂടിയത്.
കഴിഞ്ഞ 25നു വാകത്താനത്താണ് സംഭവം. അയൽവാസികളുമായി വഴക്കുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്.
ലഹരിക്ക് അടിമപ്പെട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇയാൾ ഗ്രേഡ് എസ്ഐ ജോണ്സണ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരികുമാർ എന്നിവരെ ആക്രമിച്ചത്. കന്പി വടി കൊണ്ടു തലയ്ക്കു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
പള്ളിക്കൂട്ടമ്മയിൽനിന്നും വാകത്താനം പൊങ്ങന്താനത്ത് വന്നു താമസിക്കുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഇയാൾ സ്വന്തം പിതാവിനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും കുറച്ചുനാൾ മുന്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കാഞ്ഞിരപ്പള്ളി ജയിലിലേക്കു മാറ്റി.