മൂവാറ്റുപുഴ: പട്ടാപ്പകല്‍ വീട്ടില്‍കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതി കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തില്‍ ഗിരീഷ് (35) നിരവധി സാന്പത്തിക തട്ടിപ്പിലും പ്രതിയാണെന്ന് പോലീസ്.
തമിഴ്നാട്ടിലടക്കം ബിസിനസുകളില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരില്‍ നിന്ന് പണം വാങ്ങിയിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. കിട്ടുന്ന പണം ഗിരീഷ് ആഢംബര ജീവിതത്തിനായി ചെലവഴിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ പണം കിട്ടാതെ വന്നതോടെയാണ് മോഷണം നടത്താന്‍ ഇയാള്‍ തീരുമാനിച്ചത്.
കോട്ടയത്തെ വീട്ടില്‍ നിന്ന് 15 വര്‍ഷം മുന്‍പ് തമിഴ്നാട്ടിലേക്കു കടന്ന ഇയാള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വര്‍ഷങ്ങളോളം താമസിച്ച ശേഷമാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷം നെല്ലിമറ്റത്ത് താമസമാരംഭിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പോലീസ്.
വെളളം വേണമെന്ന് പറഞ്ഞ് വീട്ടിലെത്തി
കല്ലൂര്‍ക്കാട് തഴുവംകുന്ന് ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി വീട്ടമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചശേഷമാണ് അയ്യായിരം രൂപയും പന്ത്രണ്ട് പവന് സ്വര്‍ണാഭരണങ്ങളുമായി ഗിരീഷ് കടന്നുകളഞ്ഞത്. പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. മെഡിക്കല്‍ റെപ്രസന്റെറ്റീവാണെന്ന് പറഞ്ഞെത്തിയ ഇയാള്‍ തനിക്ക് പ്രഷര്‍ കൂടിയതിനാല്‍ കുടിക്കാന്‍ വെളളം വേണമെന്ന് വീട്ടമ്മയോട് ആവശ്യപ്പെടുകയായിരുന്നു. വീടിനകത്തേക്കു പോയ വീട്ടമ്മയെ പിന്തുടര്ന്നെത്തിയ യുവാവ് കത്തികൊണ്ട് ഇടത് കൈയില്‍ കുത്തി മുറിവേല്‍പ്പിച്ചു.
തുടര്‍ന്ന് ഭീഷണിപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നു കളഞ്ഞു. മുറിയില്‍ നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂര്‍ക്കാട് സിഐ കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞൊടിയിടയില്‍ തന്നെ പോത്താനിക്കാട് ഭാഗത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
തലേദിവസവും എത്തി
നേരത്തെ പ്രദേശത്തെ പലവീടുകളിലും ഇയാള്‍ എത്തിയിരുന്നതായി പോലീസ് പറഞ്ഞു. വീടുകളില്‍ പുരുഷന്മാരുണ്ടായിരുന്നതിനാലാണ് മോഷണത്തിന് ശ്രമിക്കാതിരുന്നത്. മോഷണം നടന്ന വീട്ടില്‍ തലേദിവസം എത്തിയപ്പോള്‍ പോര്‍ച്ചില്‍ കാര്‍ ഉണ്ടായിരുന്നു.
അതിനാല്‍ പുരുഷന്മാരുണ്ടാകുമെന്ന് കരുതി ശ്രമമുപേക്ഷിച്ച് മടങ്ങിയ ഇയാള്‍ വെള്ളിയാഴ്ച എത്തിയപ്പോള്‍ പോര്‍ച്ചില്‍ കാര്‍ ഇല്ലായിരുന്നു. അതിനാല്‍ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കിയതോടെ വെള്ളം ചോദിച്ച് വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങളും മറ്റുമായി കടക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി കല്ലൂര്‍ക്കാട് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എം. സൂഫി പറഞ്ഞു.
ഗിരീഷ് ഇതിനു മുമ്പ് സമാനമായ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ പിടിയിലാകും മുമ്പ് ഗിരീഷ് ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനും ശ്രമമാരംഭിച്ചു.