കൊട്ടാരക്കര: അമ്മായിയമ്മയെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെ കോടതി റിമാൻറു ചെയ്തു.വെണ്ടാർ പൊങ്ങൻപാറ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽ കുമാറിന്റെ ഭാര്യ ഗിരിത (41) യെയാണ് റിമാൻറു ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്.ബിമൽ കുമാറിന്റെ അമ്മ രമണിയമ്മ (66) യെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രമണിയമ്മയെ പ്ലാസ്റ്റിക് കവറിൽ കല്ല് പൊതിഞ്ഞു കൊണ്ടുവന്ന് തലക്കടിക്കുകയായിരുന്നു. തലയോട് പൊട്ടി നിലവിളിച്ചപ്പോൾ മറ്റാരും പ്രവേശിക്കാതിരിക്കാൻ വീടിന്റെ കതകുകൾ മരുമകൾ അകത്തു നിന്നും പൂട്ടി.
നിലവിളി കേട്ടെത്തിയ അയൽക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. രക്തം വാർന്നൊലിച്ച് അബോധാവസ്ഥയിലായിരുന്നു രമണിയമ്മ. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.പുത്തൂർ പോലീസ് സ്ഥലത്തെത്തിയാണ് മരുമകളെ അറസ്റ്റു ചെയ്തത്.
വസ്തു തർക്കവും മരുമകളുടെ അവിഹിത ബന്ധങ്ങൾ ചോദ്യം ചെയ്തതുമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു.വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.