കായംകുളം: എഎസ്ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ വെട്ടിയകേസില്‍ പിടിയിലായ മുഖ്യപ്രതിയെ പോലീസ് ഇന്നു കോടതിയില്‍ ഹാജരാക്കും. ചെത്ത് തൊഴിലാളി കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണ(56)നെയാണ് കോടതിയില്‍ ഹാജരാക്കുന്നത്.
പ്രതിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങുമെന്ന് കായംകുളം സിഐ കെ. സദന് പറഞ്ഞു. പോലീസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലതു കഴിഞ്ഞദിവസം കണ്ടെത്തിയെങ്കിലും എഎസ്ഐയുടെ നെഞ്ചില്‍ കുത്താന്‍ ഉപയോഗിച്ച കള്ള് ചെത്തുന്ന തേര് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്താനായിരുന്നില്ല. ഇതു കണ്ടെത്താനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ ഐക്യ ജംഗ്ഷനില്‍ നിന്നും പോലീസ് ഇന്നലെ രാത്രി കണ്ടെത്തി.
ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു. കോടതി പരിസരത്ത് മഫ്തി യിലാണ് പോലീസ് നിലയുറപ്പിച്ചത്. ഈ സമയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപത്തെ റോഡില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ ആരും ശ്രദ്ധിക്കില്ലന്നു കരുതി കോടതിയിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. പിന്നീട് കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ച് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു. സംഭവശേഷം കോട്ടയം മെഡിക്കല്‍ കോളജ് പരിസരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്ന് ഇയാള്‍ പോലീസിനു മൊഴിനല്‍കി.
ഇതിനിടയില്‍ പോലീസ് ലോക്കപ്പിനുള്ളില്് ഇയാള്‍ തല ലോക്കപ്പിന്റെ ഗ്രില്ലില്‍ ഇടിച്ച് മുറിവുവരുത്തി. ഇയാളുടെ നെറ്റിയില്‍ മുറിവുണ്ടായതിനെ തുടര്‍ന്ന് ഉടന്‍ കായംകുളം ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പോലീസിനെ ആക്രമിച്ച കേസില്‍ ഇയാളുടെ ഭാര്യ .സന്ധ്യ(45)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മഴയത്ത് കടത്തിണ്ണയില്‍ കയറിനിന്ന .രണ്ടുയുവാക്കളെ വെട്ടിയ കേസില്‍ മുഖ്യ പ്രതിയായ ഇവരുടെ മകന് ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ എഎസ്ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെയാണ് പിതാവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കൈവിലങ്ങ് വച്ച് ഉണ്ണികൃഷ്ണനെ പോലീസ് ജീപ്പില്‍ കയറ്റിയെങ്കിലും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗോപാലകൃഷ്ണന് മകനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. കള്ള് ചെത്താന്‍ ഉപയോഗിച്ച തേര് കൊണ്ട് എ എസ് ഐ സിയാദിന്റ്റെ നെഞ്ചില്‍ കുത്തുകയും സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍ ,സതീഷ് ,എന്നിവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു സി പി ഒ രാജേഷിനെ ഇരുമ്പ് കമ്പി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു ഇതിനുശേഷമാണ് വെട്ട് കേസില്‍ പ്രതിയായ ഉണ്ണി കൃഷ്ണന് കൈവിലങ്ങോടുകൂടിയും ഗോപാലകൃഷ്ണന് സ്കൂട്ടറില്‍ കയറിയും രക്ഷപ്പെട്ടത്.
കൈവിലങ്ങുമായി രക്ഷപ്പെട്ട ഉണ്ണികൃഷ്ണനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല .കൈവിലങ്ങുമായി ഉണ്ണികൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പോലീസ് കഴിഞ്ഞദിവസം ബന്ധുവായ കുറ്റിത്തെരുവ് ദേശത്തിനകം പന്തപ്ലാവില്‍ നിന്നും പുള്ളികണക്ക് കാട്ടിലേത്ത് വീട്ടില്‍ താമസിക്കുന്ന രാജേഷ് (24)നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും റിമാന്‍ഡിലാണ്.