കോട്ടയം: ഗുണ്ടകളുടെ ശ്രദ്ധയ്ക്ക്, പോലീസ് പണി തുടങ്ങി. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും വിവിധ കേസുകളിലായി ഗുണ്ടാ സംഘങ്ങളെ വലവീശി പിടിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധ കേസുകളിലായി 12 ഗുണ്ടകളെയാണ് പോലീസ് അകത്താക്കിയത്.
എല്ലാം ചെറുപ്പക്കാരെന്നതാണ് ശ്രദ്ധേയം. അക്രമ സംഭവങ്ങൾക്കും ലഹരി ഇടപാടുകളിലും ഗുണ്ടാ സംഘങ്ങളാണ് പ്രധാന ഗ്യാങ്. ഗുണ്ടാ നേതാക്കളായ അലോട്ടി, അരുണ്ഗോപൻ എന്നിവരുടെ സംഘത്തിൽപെട്ടവരാണ് സംഘത്തിലേറെയും.
പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച രണ്ടുപേർ
കോട്ടയം: നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥരെ പട്ടാപ്പകൽ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ രണ്ടുപേരെ ഗാന്ധി നഗർ പോലീസ് പിടികൂടി. ആർപ്പൂക്കര സ്വദേശികളായ പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (19), തൊമ്മൻ കവല പാലത്തൂർ ടോണി തോമസ് (22) എന്നിവരെയാണ് ഇന്നലെ ഗാന്ധി നഗർ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഒരു മാസം മുന്പ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അലോട്ടി എന്ന ജയ്സ് മോൻ ജേക്കബിനെ കോട്ടയം ജയിലിലേക്കു കൊണ്ടു പോകുന്നതിനിടയിൽ കോട്ടയം കെഎസ്ആർടിസിയുടെ സമീപം പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന അലോട്ടിയെ കോട്ടയം സബ് ജയിലിലേക്ക് മാറ്റുന്നതിനായി കൊണ്ടുവന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം. അലോട്ടിയുമായി പോലീസ് ഉദ്യോഗസ്ഥർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ മുതൽ ഗുണ്ടാ സംഘാംഗങ്ങൾ പിന്തുടർന്നു.
അതിനിടെ അലോട്ടി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. സമീപത്ത് ജയിലുള്ളതിനാൽ പുറത്തുനിന്ന് വെള്ളം കുടിക്കണമെന്ന ആവശ്യം പോലീസ് നിരസിച്ചു. ഇതോടെ പ്രകോപിതനായ അലോട്ടി പോലീസിനോട് തട്ടിക്കയറി സംഘങ്ങളുടെ പിൻബലത്തോടെ ബഹളം വെച്ചു. തുടർന്ന് ഡ്യൂട്ടി പോലീസിനെ മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ഥിതി വഷളാകും എന്നുറപ്പായതോടെ ഒപ്പമെത്തിയ പോലീസ് ഉദ്യോഗസ്ഥർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.സിഐ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെ അലോട്ടിയുടെ സംഘത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. ഇന്നലെ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീടിനു നേരേ ബോംബെറിഞ്ഞ ഏഴംഗ സംഘം
കോട്ടയം: ആർപ്പൂക്കരയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീടിനുനേരേ പെട്രോൾ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതുൾപ്പെടെ രണ്ടു സംഭവങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഏഴു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര വില്ലുന്നി പിഷാരത്ത് വീട്ടിൽ വിഷ്ണു ദത്തൻ(21), ആർപ്പൂക്കര കോലേട്ടന്പലം ഭാഗത്ത് ചക്കിട്ടപറന്പിൽ വീട്ടിൽ അഖിൽ രാജ് (24), തെള്ളകം അടിച്ചിറ വലിയകാല കോളനിയിൽ തടത്തിൽപറന്പിൽ വീട്ടിൽ നാദിർഷ നിഷാദ് (21), പെരുന്പായിക്കാട് മള്ളുശ്ശേരി തേക്കുംപാലം പതിയിൽപറന്പിൽ വീട്ടിൽ തോമസ് ഏബ്രഹാം (26), ഏറ്റുമാനൂർ കൈപ്പുഴ വില്ലേജ് പിള്ളക്കവല ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി (23), ആർപ്പൂക്കര തൊമ്മൻകവല താഴപ്പള്ളി വീട്ടിൽ ഹരിക്കുട്ടൻ സത്യൻ (22), ആർപ്പൂക്കര തൊണ്ണംകുഴി കണിച്ചേരിൽ വീട്ടിൽ ആൽബിൻ ബാബു (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ. ഷിജിയുടെ നേതൃത്വത്തിൽ ഒളിസങ്കേതം വളഞ്ഞ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ എതിർ സംഘത്തിൽ പെട്ടയാളുടെ ആർപ്പൂക്കരയിലെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആ സംഭവത്തിലെ അഞ്ചു പ്രതികളെ നേരത്തെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ അഞ്ചു പ്രതികളെയാണ് അടിമാലിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഗാന്ധിനഗർ ബസ് സ്റ്റാൻഡിൽ മുളകുപൊടിയെറിഞ്ഞ് ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ ഒളിവൽ കഴിഞ്ഞുവന്ന രണ്ട് പ്രതികളെയാണ് അടിമാലിയിലെ മറ്റൊരു ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. ആ സംഭവത്തിൽ മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
എഎസ്ഐ മനോജ് കുമാർ, സിപിഒമാരായ അനീഷ്, രാഗേഷ്, പ്രവീണ്, പ്രവിനൊ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ഒളികേന്ദ്രങ്ങളിൽനിന്ന് പിടികൂടിയത്.എറ്റുമാനൂർ മജസ്ട്രേറ്റ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക
കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപം ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നു പേരെ റിമാൻഡ് ചെയ്തു. മള്ളൂശേരി താഴപ്പള്ളി അനന്ദു സത്യൻ (23), നീണ്ടൂർ ഓണംതുരുത്ത് ചെറുകര അനന്ദു നാരായണൻ (23), ആർപ്പൂക്കര കരിപ്പ പുത്തൻവീട്ടിൽ വിശാഖ് വിശ്വൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ പോലീസാണ് ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് സംഭവം. ഗുണ്ടാ നേതാക്കളായ അലോട്ടി, അരുണ്ഗോപൻ എന്നിവരുടെ സംഘത്തിൽപെട്ടവരാണ് പരസ്പരം ഏറ്റുമുട്ടിയതും പ്രദേശത്ത് സംഘർഷം സൃഷ്ടിച്ച് മുളക് സ്പ്രേ ചെയ്ത തെന്നും പോലീസ് പറഞ്ഞു. അരുണ്ഗോപന്റെ സംഘാംഗമാണ് അനന്ദു സത്യൻ. മറ്റു രണ്ടുപേർ അലോട്ടിയുടെ സംഘത്തിലുള്ളവരാണ്.