കോട്ടയം: റിട്ട. പ്രഫസറെ ഭീഷണിപ്പെടുത്തി 4.20 ലക്ഷം രൂപ തട്ടിയെടുത്തിട്ടും നാലംഗ ക്വട്ടേഷൻ സംഘത്തിന്റെ ആർത്തി തീർന്നില്ല. വീണ്ടും പണം ആവശ്യപ്പെട്ടു.
ഒടുവിൽ പിടിയിലുമായി. കടപ്പൂർ തോട്ടത്തിൽ വീട്ടിൽ ടി.അഖിൽ (25), അയ്മനം കോട്ടമല റോജൻ മാത്യു (34), പായിപ്പാട് കൊച്ചുപള്ളിഭാഗത്ത് പള്ളിക്കൽച്ചിറയിൽ കൊച്ചുപറന്പിൽ പ്രമോദ് പ്രസന്നൻ (23), കണ്ണൂർ തിരുമേനി മരുതുംപടി കുന്നിൽ മുഹമ്മദ് ഫൈസൽ (22) എന്നിവരാണ് അറസ്റ്റിലായത്.
ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഇവർ അലോട്ടിയുടെ സംഘത്തിൽപ്പെട്ട ഒരാളുടെ വീട് അടിച്ചു തകർത്തശേഷം ഇതു ആഘോഷിക്കാനായി രണ്ടംഗം സംഘം മദ്യം വാങ്ങാനായി പോവുകയായിരുന്നു. ഈ യാത്രയ്ക്കിടയിൽ കുടമാളൂർ ഭാഗത്തു വച്ച് റിട്ട. പ്രഫസറുടെ വാഹനവുമായി അപകടത്തിൽപ്പെട്ടു.
ഇതോടെ റോജന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കാറിൽ സ്ഥലത്ത് എത്തി. പ്രഫസറെയും ഭാര്യയേയും കാറിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പോലീസ് പിടികൂടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി സംഘം ആംബുലൻസ് വിളിച്ചു വരുത്തിയ ശേഷം പ്രഫസറെയും ഭാര്യയെയുമായി ഇവരുടെ വീട്ടിലെത്തി.
പിന്നീടാണ് സംഘം പണം തട്ടിയെടുക്കാൻ മറ്റൊരു പദ്ധതി തയാറാക്കിയത്. പ്രഫസറെയും ഭാര്യയെയും കബളിപ്പിച്ചു സംഘം വീടിന്റെ രണ്ടാം നിലയിൽ ഒളിവിൽ കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അപകടത്തിന്റെ നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
പണം തന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നു പ്രഫസറെ ഭീഷണിപ്പെടുത്തിയശേഷം നാലു ലക്ഷം രൂപ അഖിലിന്റെ അക്കൗണ്ടിലേക്കു വാങ്ങിയെടുത്തു. തുടർന്ന്് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.ഈ സമയം ക്വട്ടേഷൻ സംഘങ്ങൾ ഗാന്ധിനഗറിൽ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
ഈ കേസിന്റെ ആവശ്യത്തിനായി 60,000 രൂപ വേണമെന്ന് പ്രഫസറോട് ആവശ്യപ്പെട്ടു.പറ്റില്ലെന്നു പറഞ്ഞതോടെ ഭീഷണിയായി. ഇതോടെ പ്രഫസർ 20,000 രൂപ നൽകിയെങ്കിലും ഒരു ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടരുകയായിരുന്നു. ഇതോടെ പ്രഫസർ ജില്ലാ പോലീസ് ചീഫിനു പരാതി നൽകി.
അന്വേഷണം ആരംഭിച്ചു അഖിലിനെ പിടികൂടിയതോടെയാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്.തുടർന്നു പാലാ സബ് ജയിലിൽ കഴിഞ്ഞിരുന്ന റോജൻ മാത്യു, പ്രമോദ് പ്രസന്നൻ, മുഹമ്മദ് ഫൈസൽ എന്നിവരെ കൂടി അറസ്റ്റു ചെയ്യുകയായിരുന്നു.കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.