പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതിയായ ഗുണ്ടാ നേതാവ് പിടിയിൽ. ശാന്തിപുരം കല്ലിക്കോട് വീട്ടിൽ സ്റ്റീഫൻ എന്നു വിളിക്കുന്ന ശബരി (28)ആണ് അറസ്റ്റി ലായത്.
കഴിഞ്ഞ മാസം 23 ന് ശാന്തിപുരം പുന്നയിൽക്കുന്ന് വീട്ടിൽ വിനീതിനെ വീടുകയറി വാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. പോത്തൻകോട് പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നിരവധി വീടുകൾ ആക്രമിച്ച് ബോംബ് എറിഞ്ഞ കേസുകളിലും വാൾ കാണിച്ച് ഭീക്ഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ കേസുകളിലും മുഖ്യ പ്രതിയാണ് പോലീസ് പിടിയിലായ സ്റ്റീഫൻ എന്ന ശബരി. പ്രതിയ്ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പോത്തൻകോട് സിഐ എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അശ്വനി, ശ്രീജിത്ത്, രവീന്ദ്രൻ, മറ്റു പോലീസ് ഉദ്യോഗസ്ഥരായ അരുൺ, രാജേഷ്, അൽബിൻ, അനിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.