തലശേരി: നഗരമധ്യത്തില്‍ അനധികൃത ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഗുണ്ടാ വിളയാട്ടം. വിദ്യാർഥികളെ നടു റോഡില്‍ തല്ലിച്ചതച്ചു. വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കി പൊതുജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് സ്വമേധയാൽ കേസെടുത്തു. പ്രിന്‍സിപ്പൽ എസ്ഐ ബിനു മോഹനന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
രണ്ട് പേര് ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ജൂബിലി റോഡില്‍ സ്വകാര്യ മാളിനു മുന്നിലാണ് സംഭവം. ഭീകാരന്തരീക്ഷം കണ്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്ഐ ബിനു മോഹനന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൂന്ന് പേരെ പിന്തുടര്ന്ന് പിടികൂടി. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ ധര്‍മ്മടം സ്വമിക്കുന്നിലെ ബിന്ദു നിവാസില്‍ ജിജേഷ് (36), ഗോപാല്‍പേട്ടയിലെ അര്‍ഷാദ് (22), കതിരൂര്‍ സ്വദേശി അതുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
ടിഎംസി നമ്പറില്ലാതെ നഗത്തിലെത്തി ട്രിപ്പ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ മാളിനു മുന്നിലെ കൊടും വളവില്‍ ടിഎംസി നമ്പറില്ലാതെ എത്തി പാര്‍ക്ക് ചെയ്ത് ട്രിപ്പ് നടത്തുന്ന ഓട്ടോറിക്ഷക്കാര്‍ നേരത്തേയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇന്നലെ അക്രമത്തിനിരയായ വിദ്യാര്‍ഥികള്‍ പഠനത്തെ ബാധിക്കുമെന്ന ഭയത്താല്‍ പരാതി നല്കാന് തയ്യറായില്ലെന്നും ഒടുവില്‍ പോലീസ് സ്വമേധയാല്‍ കേസെടുക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനെതിരെ നടപടി എടുത്ത എസ്ഐ ക്കെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട് അപമാനിക്കാനുളള ശ്രമവും നടന്നിരുന്നതായി പോലീസ് പറഞ്ഞു.